വിഴിഞ്ഞം തുറമുഖത്തെ അദാനിയുടെ ഓഹരി കൈമാറ്റം, സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് സിപിഎം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 49 ശതമാനം ഓഹരികള്‍ അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനിയായ എം.എസ്.സിക്ക് കൈമാറാനുള്ള നീക്കം തടയാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. തുറമുഖത്തിന്റെ ഓഹരികള്‍ കൈമാറുന്നത് സംബന്ധിച്ച് അദാനി ഗ്രൂപ്പ് സ്റ്റോക്ക് എക്സചേഞ്ചിനെ അറിയിച്ച രേഖ പുറത്തുവന്നിട്ടുണ്ട്. വിഴിഞ്ഞം തുറമുഖം ഇരുവിഭാഗത്തിന്റെയും സംയുക്ത സംരംഭമായി നടത്താനുള്ള നീക്കമാണ് ഇതിലൂടെ വ്യക്തമാകുന്നത്. എന്നാൽ തുറമുഖം സംസ്ഥാനത്തിന്റെ തന്നെ ഉടമസ്ഥതയില്‍ നിലനിര്‍ത്തുന്നതിനുള്ള നടപടികളാണ് ഉണ്ടാകേണ്ടതെന്ന് സിപിഎംആവശ്യപ്പെട്ടു.

വ്യവസ്ഥകൾ പ്രകാരം 25 ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ കൈമാറണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. എന്നാൽ ഈ വ്യവസ്ഥ മറികടന്നുകൊണ്ടാണ് അദാനി ഗ്രൂപ്പ് ഓഹരി കൈമാറ്റത്തിന് മുതിരുന്നതെന്നാണ് മനസ്സിലാക്കുന്നത്. ഈ നീക്കം യാഥാര്‍ത്ഥ്യമായാൽ തുറമുഖം പൂര്‍ണ്ണമായി എം.എസ്.സിയുടെ കപ്പലുകള്‍ക്ക്‌ മാത്രമായി നീക്കിവയ്‌ക്കപ്പെടുന്ന സ്ഥിതിയുണ്ടാകും. ഇത് ഈ രംഗത്തെ മത്സരക്ഷമതയെ ഇല്ലാതാക്കും. മറ്റ് ഷിപ്പിംഗ് കമ്പനികള്‍ക്ക് ഇവിടെ പ്രവേശനം ലഭിക്കാതെ വരുന്നത് സംസ്ഥാനത്തിന്റെ താല്‍പര്യങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് സിപിഎം ചൂണ്ടിക്കാട്ടി.

തുറമുഖ ഓഹരി കൈമാറ്റത്തെക്കുറിച്ച് വാര്‍ത്തകളിലൂടെ മാത്രമാണ് മുഖ്യമന്ത്രി വിവരമറിഞ്ഞതെന്ന വാദം എത്രത്തോളം വിശ്വാസ്യയോഗ്യമാണെന്ന കാര്യവും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കരാര്‍ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാന താല്‍പര്യം മുന്‍നിര്‍ത്തിയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഈ ഉത്തരവാദിത്വം നിര്‍വ്വഹിക്കാതെ സർക്കാർ ഉരുണ്ട് കളിക്കുന്നത് കേരളത്തിന്റെ താല്‍പര്യങ്ങളെ തകര്‍ക്കുന്നതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ വ്യക്തമാക്കി.

More Stories from this section

family-dental
witywide