കടലിടുക്കിൽ കുടുങ്ങി ചർച്ചകൾ, യുഎസ്-ഇറാൻ വെടിനിർത്തൽ കാലാവധി നാളെ അവസാനിക്കുന്നു; ചർച്ച തുടങ്ങാൻ പോകുമ്പോൾ നേരിയ പ്രതീക്ഷ മാത്രം

വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ, ഗൾഫ് മേഖലയിൽ യുദ്ധഭീതി വീണ്ടും മുറുകുന്നു. നിർണ്ണായകമായ പല വിഷയങ്ങളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നത പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ, വെടിനിർത്തൽ നീട്ടുന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച തർക്കമാണ് നിലവിൽ ഏറ്റവും രൂക്ഷമായിരിക്കുന്നത്. കടലിടുക്കിൽ ഇറാൻ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ശ്രമിക്കുമ്പോൾ, ഇറാനിയൻ തുറമുഖങ്ങൾ ഉപയോഗിക്കുന്ന കപ്പലുകൾക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധം തുടരുമെന്ന നിലപാടിലാണ് ട്രംപ്. കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തിൽ, വെടിനിർത്തൽ നീട്ടിയില്ലെങ്കിൽ ഇറാനിൽ വീണ്ടും ബോംബാക്രമണം ആരംഭിക്കേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെ, കഴിഞ്ഞ ഞായറാഴ്ച ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും നിലച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇറാൻ ചീഫ് നെഗോഷ്യേറ്റർ മുഹമ്മദ് ബാഗേരി ഖാലിബാഫ് ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് അവകാശപ്പെടുമ്പോഴും, ആണവ പദ്ധതിയടക്കമുള്ള അടിസ്ഥാന വിഷയങ്ങളിൽ ഇപ്പോഴും തർക്കം നിലനിൽക്കുകയാണ്. ഇറാന്റെ ആണവ അവകാശങ്ങൾ കവർന്നെടുക്കാൻ ട്രംപിന് അധികാരമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ വ്യക്തമാക്കി. സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറണമെന്ന അമേരിക്കയുടെ ആവശ്യം ഇറാൻ തള്ളിക്കളഞ്ഞു. ആറാഴ്ചയായി തുടരുന്ന ഈ സംഘർഷത്തിൽ വരുംദിവസങ്ങൾ ഗൾഫ് മേഖലയുടെ ഭാവി തീരുമാനിക്കുന്നതിൽ അതീവ നിർണ്ണായകമാകും.

More Stories from this section

family-dental
witywide