ജയൻ്റ് വീലിൽ മുടി കുരുങ്ങി യുവതിയുടെ തലയോട്ടിയിലെ തൊലി അടർന്നുപോയി; മഹാരാഷ്ട്രയിൽ ദാരുണ അപകടം

മുംബൈ: മഹാരാഷ്ട്രയിലെ യവത്മാലിൽ പ്രാദേശിക ഉത്സവ മേളയ്ക്കിടെയുണ്ടായ ദാരുണ അപകടത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. ജയൻ്റ് വീലിൽ (യന്ത്ര ഊഞ്ഞാൽ) സവാരി നടത്തുന്നതിനിടെ നീളമുള്ള തലമുടി യന്ത്രത്തിൽ കുടുങ്ങി യുവതിയുടെ ശിരോചർമ്മം (തലയോട്ടിയിലെ തൊലി) പൂർണ്ണമായി അടർന്നുപോയി. ഫുൽസവാംഗി സ്വദേശിനിയായ ബാലി മരോതി താലിക്കോട്ടെ (25) എന്ന യുവതിക്കാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്.

യവത്മാൽ ജില്ലയിലെ മഹാഗാവ് താലൂക്കിലുള്ള പുനേഷ്വർ മഹാദേവ ക്ഷേത്ര പരിസരത്ത് ‘തൻഹ പോള’ ഉത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മേളയിലാണ് സംഭവം. യുവതി ജയൻ്റ് വീലിൽ കയറി സവാരി ആസ്വദിക്കുന്നതിനിടെ, സീറ്റിന് തൊട്ടുപിന്നിലെ കറങ്ങുന്ന ബെയറിംഗിലേക്ക് അബദ്ധത്തിൽ മുടി കുടുങ്ങുകയായിരുന്നു. റൈഡ് വേഗത്തിൽ കറങ്ങിക്കൊണ്ടിരുന്നതിനാൽ മുടിയിൽ കൂടുതൽ ബലം വരികയും തലയോട്ടിയിലെ ചർമ്മം മുടിയോടൊപ്പം വേർപെടുകയുമായിരുന്നു.

യുവതിയുടെ നിലവിളി കേട്ട് സംഭവസ്ഥലത്തുണ്ടായിരുന്ന അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ സുനിൽ അംഭൂരെ, പൊലീസ് കോൺസ്റ്റബിൾ സുഹൈൽ കായ്തെ എന്നിവർ നാട്ടുകാരുടെ സഹായത്തോടെ റൈഡ് ഉടൻ തന്നെ നിർത്തിച്ചു. രക്തത്തിൽ കുളിച്ച യുവതിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലും മേളകളിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ് ഈ സംഭവം.

Young woman’s scalp torn off after hair got caught in giant wheel; tragic accident in Maharashtra.

More Stories from this section

family-dental
witywide