
തൃശൂര്‍: വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന നടി ദിവ്യപ്രഭയുടെ പരാതിയില്‍ പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി.
മുംബൈ-കൊച്ചി എയര്‍ ഇന്ത്യാ വിമാനത്തില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. അടുത്ത സീറ്റില്‍ വന്നിരുന്ന സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്നും അനാവശ്യമായി വാക്കു തര്‍ക്കം നടത്തിയെന്നുമാണ് നടി പരാതി നല്‍കിയത്.
വിമാനത്തില്‍ വച്ച് തന്നെ വിഷയം എയര്‍ ഹോസ്റ്റസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ യാത്രക്കാരനെതിരെ നടപടിയെടുക്കാതെ തന്നെ സീറ്റ് മാറ്റി ഇരുത്തുകയാണ് ചെയ്തതെന്നും നടി പരാതിയില്‍ ആരോപിക്കുന്നു. പൊലീസിന് പരാതി നല്‍കാനായിരുന്നു എയര്‍ഇന്ത്യ അധികൃതരുടെ നിര്‍ദേശം. പിന്നീട് കൊച്ചിയിലെത്തിയ ശേഷം നെടുമ്പാശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ദിവ്യപ്രതിഭയുടെ പരാതിയില്‍ പ്രതിയെ തിരിച്ചറിഞ്ഞുവെന്നും തൃശൂര്‍ സ്വദേശിയായ ആന്റോയാണ് നടിയോട് അപമര്യാദയായി പെരുമാറിയതെന്നും പോലീസ് അറിയിച്ചു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആണ് താരം ദുരനുഭവം വെളിപ്പെടുത്തിയത്. സംഭവത്തില്‍ ഉചിതമായ നടപടി വേണമെന്നും, ഇനിയും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു. കേസില്‍ ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.











