റഷ്യയില്‍ നിന്ന് ഇന്ത്യയെ അകറ്റാനുള്ള ശ്രമങ്ങള്‍ അര്‍ഥശൂന്യം: പടിഞ്ഞാറിന് പുടിന്റെ മുന്നറിയിപ്പ്

സോചി: ഇന്ത്യന്‍ സര്‍ക്കാര്‍ പൗരന്മാരുടെ താത്പര്യങ്ങള്‍ക്കായി സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയാണെന്നും മോസ്‌കോയ്ക്കും ന്യൂഡല്‍ഹിക്കുമിടയില്‍ വിള്ളലുണ്ടാക്കാനുള്ള പാശ്ചാത്യരാജ്യങ്ങളുടെ ശ്രമങ്ങള്‍ അര്‍ഥശൂന്യമാണെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍.

തങ്ങളുടെ കുത്തകയോട് യോജിക്കാത്ത എല്ലാവരില്‍ നിന്നും ഒരു ശത്രുവിനെ സൃഷ്ടിക്കാനാണ് പാശ്ചാത്യ രാജ്യങ്ങള്‍ ശ്രമിക്കുന്നത്, എല്ലാവരും അപകടത്തിലാണ് – ഇന്ത്യ പോലും, എന്നാല്‍ ഇന്ത്യന്‍ നേതൃത്വം അവരുടെ രാജ്യത്തിന്റെ താത്പര്യങ്ങളില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നുവെന്നും പുടിന്‍ സോചിയിലെ റഷ്യന്‍ ബ്ലാക്ക്‌സീ റിസോര്‍ട്ടില്‍ നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞു.

റഷ്യയില്‍ നിന്ന് ഇന്ത്യയെ അകറ്റാനുള്ള ശ്രമങ്ങള്‍ അര്‍ഥശൂന്യമാണെന്നും ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാശ്ചാത്യ രാജ്യങ്ങള്‍ രാജ്യത്തിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷം വിലക്കിഴിവുള്ള റഷ്യന്‍ എണ്ണ വാങ്ങിയതിന് ഇന്ത്യന്‍ റിഫൈനര്‍മാര്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് പുടിന്റെ പരാമര്‍ശം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലെ ഉക്രൈൻ അധിനിവേശത്തെ തുടര്‍ന്ന് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് യുഎസും യൂറോപ്യന്‍ യൂണിയനും നിര്‍ത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെയും പുടിന്‍ പ്രശംസിച്ചു.
“ഇന്ത്യയില്‍ 1.5 ബില്യണിലധികം ജനസംഖ്യയുണ്ട്, സാമ്പത്തിക വളര്‍ച്ചയുടെ ഏഴു ശതമാനത്തിലധികം. അതൊരു ശക്തമായ രാജ്യമാണ്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ അത് കൂടുതല്‍ ശക്തിയോടെ വളരുകയാണ്,” പുടിന്‍ പറഞ്ഞു. ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും ഇന്ത്യക്കാര്‍ തങ്ങളുടെ മുദ്ര പതിപ്പിക്കുന്നതിനാല്‍ റഷ്യയെപ്പോലെ ഇന്ത്യയ്ക്കും അതിര്‍ത്തികളില്ലെന്നും അദ്ദേഹം പറഞ്ഞു.

2022 ഫെബ്രുവരിയില്‍ ഉക്രൈനെതിരെ സമ്പൂര്‍ണ ആക്രമണം ആരംഭിച്ചതിന് ശേഷം പുടിന്‍ അപൂര്‍വമായി മാത്രമേ റഷ്യ വിട്ടിട്ടുള്ളൂ. അടുത്തിടെ ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്സ് സമ്മേളനവും ന്യൂഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിയും അദ്ദേഹം ഒഴിവാക്കിയിരുന്നു. ഒരു രാഷ്ട്രീയ പ്രദര്‍ശനം നടത്താന്‍ ആഗ്രഹിക്കാത്തതിനാലാണ് താന്‍ സമ്മേളനങ്ങള്‍ ഒഴിവാക്കിയതെന്നാണ് കാരണങ്ങള്‍ വിശദീകരിച്ച് പുടിന്‍ പറഞ്ഞത്.