
ലണ്ടൻ: പടിഞ്ഞാറൻ ലണ്ടനിലെ സൗത്താളിൽ ഇന്ത്യൻ വംശജനായ യുവാവ് തെരുവിൽ കുത്തേറ്റു മരിച്ചു. പഞ്ചാബിലെ തർൻ താരൻ സ്വദേശിയായ ഗുർഭേജ് സിങ് (26) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മുപ്പത് വയസ്സുകാരനായ മറ്റൊരു യുവാവിനും പരുക്കേറ്റു.
ബുധനാഴ്ച അർധരാത്രി കഴിഞ്ഞ് 12:30 ഓടെ സൗത്താളിലെ നോർത്ത് റോഡ് ജംക്‌ഷനിലുള്ള ഒരു കടയുടെ മുന്നിലായിരുന്നു സംഭവം. വിവരമറിഞ്ഞ് ലണ്ടൻ ആംബുലൻസ് സർവീസും മെട്രോപൊളിറ്റൻ പൊലീസും സ്ഥലത്തെത്തിയെങ്കിലും ഗുരുതരമായി പരുക്കേറ്റ ഗുർഭേജ് സിങ്ങിനെ രക്ഷിക്കാനായില്ല. അദ്ദേഹം സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെടുകയായിരുന്നു. പരുക്കേറ്റ രണ്ടാമത്തെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് 20-നും 30-നും ഇടയിൽ പ്രായമുള്ള ഏഴ് പേരെ ലണ്ടൻ പൊലീസ് തുടക്കത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇതിൽ ആറ് പേരെ കുറ്റമൊന്നും ചുമത്താതെ വിട്ടയച്ചു. ഒരാളെ നിലവിൽ ജാമ്യത്തിൽ വിട്ടിരിക്കുകയാണ്. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ദൃക്‌സാക്ഷികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുമാണ് നിലവിൽ മെട്രോപൊളിറ്റൻ പൊലീസിന്റെ കൊലപാതക അന്വേഷണ വിഭാഗം കേസ് അന്വേഷിക്കുന്നത്. കൊല്ലപ്പെട്ട ഗുർഭേജ് സിങ്ങിൻ്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്കായി ലണ്ടനിലെ മലയാളി കൂട്ടായ്മകളും സുഹൃത്തുക്കളും ചേർന്ന് ഫണ്ട് സമാഹരണം ആരംഭിച്ചിട്ടുണ്ട്.
Indian-origin man stabbed to death in London; one injured, investigation underway















