ആണവായുധ ശേഖരം അതിവേഗം വർധിപ്പിച്ച് ഇന്ത്യ, ഒരു വർഷത്തിനിടെ 10 പോർമുനകൾ കൂടിയതായി റിപ്പോർട്ട്; പാകിസ്താനേക്കാൾ മുന്നിൽ

ന്യൂഡൽഹി: ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വർധനവ് രേഖപ്പെടുത്തിയതായി അന്താരാഷ്ട്ര പ്രതിരോധ ഗവേഷണ സ്ഥാപനമായ സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ‘സിപ്രി ഇയർബുക്ക് 2026’ റിപ്പോർട്ട്. 2025-ൽ 180 ആയിരുന്ന ഇന്ത്യയുടെ ആണവ പോർമുനകളുടെ എണ്ണം 2026-ൽ 190 ആയി ഉയർന്നതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇതോടെ ഒരു വർഷത്തിനിടെ ഇന്ത്യ 10 ആണവായുധങ്ങൾ കൂടി ശേഖരത്തിലേക്ക് കൂട്ടിച്ചേർത്തതായി വിലയിരുത്തപ്പെടുന്നു.

അതേസമയം, ഇതേ കാലയളവിൽ പാകിസ്താന്റെ ആണവായുധ ശേഷിയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. 2025-ലെയും 2026-ലെയും കണക്കുകൾ പ്രകാരം പാകിസ്താന്റെ കൈവശം 170 ആണവ പോർമുനകളാണ് ഉള്ളത്. ഇന്ത്യ തങ്ങളുടെ ആണവായുധ വിന്യാസ സംവിധാനങ്ങൾ തുടർച്ചയായി ആധുനികവത്കരിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പാകിസ്താനുമായുള്ള സുരക്ഷാ ആശങ്കകൾക്കൊപ്പം, ചൈനയിലെ ഏത് ലക്ഷ്യസ്ഥാനത്തെയും എത്തിച്ചേരാൻ ശേഷിയുള്ള ദീർഘദൂര മിസൈൽ സംവിധാനങ്ങളുടെ വികസനത്തിനാണ് ഇന്ത്യ കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും SIPRI വിലയിരുത്തുന്നു.

യുദ്ധമല്ലാത്ത സാഹചര്യങ്ങളിലും മിസൈലുകളിൽ ഘടിപ്പിച്ച ചെറിയ അളവിലുള്ള ആണവായുധങ്ങൾ വിന്യസിക്കാനുള്ള ശേഷി ഇന്ത്യയ്ക്കും ചൈനയ്ക്കും നിലവിൽ ഉണ്ടായേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരൊറ്റ മിസൈലിൽ ഒന്നിലധികം ആണവ പോർമുനകൾ വഹിക്കാൻ കഴിയുന്ന എം.ഐ.ആർ.വി (MIRV) സാങ്കേതികവിദ്യയിലേക്കും ഇന്ത്യ മുന്നേറുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.

അതേസമയം, വരും വർഷങ്ങളിൽ പാകിസ്താനും തങ്ങളുടെ ആണവായുധ ശേഖരം വിപുലീകരിച്ചേക്കുമെന്ന സൂചനയും റിപ്പോർട്ടിലുണ്ട്. ആഗോളതലത്തിൽ ആണവായുധങ്ങളുടെ മൊത്തം എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ലോകസുരക്ഷയ്ക്ക് ഭീഷണിയായ സാഹചര്യം കൂടുതൽ സങ്കീർണമാകുകയാണെന്ന് SIPRI മുന്നറിയിപ്പ് നൽകുന്നു.

റിപ്പോർട്ട് പ്രകാരം ലോകത്ത് നിലവിൽ ഒമ്പത് രാജ്യങ്ങളിലായി 12,187 ആണവായുധങ്ങളാണുള്ളത്. ഇതിൽ 9,745 എണ്ണം ഉടൻ പ്രയോഗിക്കാൻ കഴിയുന്ന നിലയിൽ സൂക്ഷിച്ചിരിക്കുന്നവയാണ്. ആഗോള ആണവശേഖരത്തിന്റെ ഭൂരിഭാഗവും റഷ്യയുടെയും അമേരിക്കയുടെയും കൈവശമാണ്. റഷ്യയ്ക്ക് 5,420 ആണവായുധങ്ങളും അമേരിക്കയ്ക്ക് 5,042 ആണവായുധങ്ങളുമാണുള്ളത്.

ചൈന തങ്ങളുടെ ആണവശേഖരം 600-ൽ നിന്ന് 620 ആയി ഉയർത്തിക്കൊണ്ട് മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 2030-ഓടെ ചൈനയുടെ ആണവായുധ ശേഖരം ആയിരം കടക്കുമെന്നാണ് റിപ്പോർട്ടിന്റെ പ്രവചനം. ബ്രിട്ടൻ 225 ആണവായുധങ്ങളും ഫ്രാൻസ് 290 ആണവായുധങ്ങളുമായി തങ്ങളുടെ നിലവിലെ ശേഖരം നിലനിർത്തിയിട്ടുണ്ട്.
ആണവായുധ നിയന്ത്രണത്തിനും കുറവുവരുത്തലിനുമായി രൂപീകരിച്ച നിരവധി അന്താരാഷ്ട്ര കരാറുകളിൽ നിന്നും വാഗ്ദാനങ്ങളിൽ നിന്നും പ്രമുഖ രാജ്യങ്ങൾ പിന്നോട്ടുപോകുന്നതായും, ദേശീയ പ്രതിരോധ തന്ത്രങ്ങളിൽ ആണവായുധങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന പ്രവണത ശക്തമാകുന്നതായും SIPRI റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

More Stories from this section

family-dental
witywide