
മലപ്പുറം: തിരൂരില്‍ അധ്യാപിക ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ നിന്ന് കോഴിത്തല കണ്ടെത്തി. ഏഴൂര്‍ പി സി പടിയിലെ കളരിക്കല്‍ പ്രതിഭ എന്ന അധ്യാപികയാണ് മുത്തൂരിലെ ഹോട്ടലില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി ബിരിയാണി വാങ്ങിയത്. വാങ്ങിയ നാലു ബിരിയാണിയില്‍ ഒന്നിലാണ് കോഴിത്തല കണ്ടെത്തിയത്. രണ്ട് ബിരിയാണി കുട്ടികള്‍ കഴിച്ചിരുന്നു. മൂന്നാമത്തെ കവര്‍ കഴിക്കാനായി തുറന്നപ്പോഴാണ് അതില്‍ കോഴിത്തല കണ്ടത്. വേസ്റ്റിനത്തില്‍ കളയുന്ന കോഴിത്തലയാണ് ബിരിയാണിയില്‍ നിന്ന് കിട്ടിയത്.
അധ്യാപിക ഉടന്‍ തന്നെ തിരൂര്‍ നഗരസഭ ആരോഗ്യ വിഭാഗത്തിനും ഫുഡ് സേഫ്റ്റി ഓഫീസര്‍ക്കും പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷ എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ സുജിത്ത് പെരേര, ഭക്ഷ്യ സുരക്ഷ ഓഫീസര്‍ എം എന്‍ ഷംസിയ എന്നിവരുടെ നേതൃത്വത്തില്‍ ഹോട്ടലില്‍ പരിശോധന നടത്തി. തുടര്‍ന്ന് ഹോട്ടല്‍ ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു.











