കേരളത്തിൽ വീണ്ടും കൊവിഡ് കേസുകൾ വർധിക്കുന്നു; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി

കേരളത്തിൽ വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേർ കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 199 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സജീവ കേസുകളുടെ എണ്ണം 1523 ആയി ഉയർന്നു. രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ 90 ശതമാനത്തോളവും സംസ്ഥാനത്താണ്. ഇന്നലെ ഉത്തർ പ്രദേശിലും കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു.

ഇന്നലെ സ്ഥിരീകരിച്ച 329 കേസുകളില്‍ 298 കേസുകളും കേരളത്തിൽ നിന്നാണ്. കൊവിഡ് പരിശോധന ഏറ്റവും കൂടുതല്‍ നടക്കുന്നതും കേരളത്തിലാണ്. ദിവസം 700 1000 കോവിഡ് പരിശോധന നടക്കുന്നുണ്ട്.

കൊവിഡ് വീണ്ടും ആശങ്കയുണര്‍ത്തുന്നതിനാല്‍ ഗര്‍ഭിണികളും പ്രായമായവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നത്.

കോവിഡിന്റെ പുതിയ വകഭേദം ജെഎന്‍1 സംസ്ഥാനത്ത് സ്ഥിരീകരിച്ചതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വൈറസ് വകഭേദം ആദ്യം തന്നെ കണ്ടെത്താനായി. കേരളത്തിലെ ആരോഗ്യസംവിധാനങ്ങള്‍ മികച്ചതാണെന്നും ജാഗ്രതയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

79 കാരിക്കായിരുന്നു കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ജെഎന്‍1 സ്ഥിരീകരിച്ചത്. ഇന്‍ഫ്‌ളുവന്‍സയ്ക്ക് സമാനമായ ചെറിയ ലക്ഷണങ്ങളായിരുന്നു രോഗിയില്‍ പ്രകടമായത്. രോഗി കോവിഡ്-19ല്‍ നിന്ന് സുഖം പ്രാപിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഇതിനു മുന്‍പ് ഇന്ത്യയില്‍നിന്നുള്ള ഒരു യാത്രികന് സിംഗപ്പൂരില്‍ വച്ച് ജെഎന്‍1 സ്ഥിരീകരിച്ചിരുന്നു. ഇവയ്ക്കു ശേഷം ജെഎന്‍1 ന്റെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നത്