
ആറന്മുളയിലെ തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ മുൻ മന്ത്രി വീണ ജോർജിനെതിരെ കടുത്ത വിമർശനം. സ്ഥാനാർത്ഥി മോശമായിരുന്നുവെന്ന തരത്തിൽ ഉയർന്ന വ്യക്തിപരമായ ആക്ഷേപങ്ങളോട് യോഗത്തിൽ വീണ ജോർജ് പൊട്ടിത്തെറിച്ചാണ് മറുപടി നൽകിയത്. തനിക്ക് മത്സരിക്കാൻ ഒട്ടും താല്പര്യമില്ലെന്ന കാര്യം ജില്ലാ നേതൃത്വത്തെ ആദ്യം തന്നെ അറിയിച്ചിരുന്നതായി അവർ വ്യക്തമാക്കി. തന്നെ മത്സരരംഗത്തുനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും, മണ്ഡലത്തിൽ നിർത്താൻ മറ്റാരുമില്ലെന്ന് പറഞ്ഞ് നേതൃത്വം തന്നെ നിർബന്ധിച്ച് സ്ഥാനാർത്ഥിയാക്കുകയായിരുന്നുവെന്ന് വീണ ജോർജ് ചൂണ്ടിക്കാട്ടി.
തന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നാലെ മണ്ഡലം സെക്രട്ടറി സ്ഥാനം ഓമല്ലൂർ ശങ്കരൻ സ്വയം ഒഴിഞ്ഞിരുന്നുവെന്നും, എന്നാൽ സ്ഥാനാർത്ഥിക്ക് താല്പര്യമില്ലാത്തതിനാലാണ് അദ്ദേഹം മാറിയതെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചതായും വീണ പറഞ്ഞു. ഇത് വോട്ടർമാർക്കിടയിൽ വലിയ തെറ്റിദ്ധാരണ പരത്തി. നിർബന്ധിച്ച് മത്സരിപ്പിച്ച ശേഷം ഇപ്പോൾ ഉയർന്നുവരുന്ന വ്യക്തിപരമായ വിമർശനങ്ങളും ആക്ഷേപങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങൾ പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തെ ഔദ്യോഗികമായി അറിയിക്കുമെന്നും വീണ ജോർജ് യോഗത്തിൽ വ്യക്തമാക്കി. അതേസമയം, വീണ ജോർജിനെ തോൽപ്പിക്കാൻ പാർട്ടിയിലെ ചില നേതാക്കൾ തന്നെ ബോധപൂർവ്വം ശ്രമിച്ചുവെന്ന ആക്ഷേപവും യോഗത്തിൽ ഉയർന്നിട്ടുണ്ട്.
എന്നാൽ, വീണ ജോർജിന്റെ പെരുമാറ്റമാണ് പരാജയത്തിന് കാരണമായതെന്ന വിമർശനമാണ് മറ്റ് ചില നേതാക്കൾ യോഗത്തിൽ ഉന്നയിച്ചത്. സാധാരണ പാർട്ടി പ്രവർത്തകർ ഫോൺ വിളിച്ചാൽ പോലും എടുക്കാതിരിക്കുകയും അനാവശ്യ വിവാദങ്ങളിൽ ചെന്ന് ചാടുകയും ചെയ്യുന്നത് പതിവായിരുന്നുവെന്ന് യോഗത്തിൽ വിമർശനമുയർന്നു. പാർട്ടിയുടെ മൊത്തത്തിലുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെയും യോഗത്തിൽ വലിയ പൊട്ടിത്തെറിയുണ്ടായി. കെ.കെ. ശൈലജയെ മട്ടന്നൂരിൽ നിന്ന് മാറ്റി പേരാവൂരിൽ മത്സരിപ്പിച്ചത് ശരിയായ തീരുമാനമായില്ലെന്നും, ശൈലജ ടീച്ചറെ പാർട്ടി അവിടെ കുരുതി കൊടുക്കുകയായിരുന്നുവെന്നും വിമർശനമുയർന്നു. തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്നതിനുള്ള സിപിഎം ജില്ലാ കമ്മിറ്റി യോഗം നാളെയും തുടരും.
Veena George lashes out at CPM Pathanamthitta meet over candidate selection and defeat criticisms














