ഈ പത്ത് വർഷം പരമാവധി ആത്മാർത്ഥതയോടെ പ്രവർത്തിച്ചു, ജയവും പരാജയവും ഒരുപോലെ സ്വീകരിക്കുന്നുവെന്ന് വീണ ജോർജ്

പത്തനംതിട്ട: ജയവും പരാജയവും ഒരുപോലെ സ്വീകരിക്കുന്നുവെന്ന് വീണ ജോർജ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിൽ നിന്ന് പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് പ്രതികരണം. കഴിഞ്ഞ പത്ത് വർഷം അതിയായ ആത്മാർത്ഥതയോടെയും സത്യസന്ധതയോടെയും അഴിമതി രഹിതമായി മണ്ഡലത്തിന് വേണ്ടി പ്രവർത്തിച്ചുവെന്ന് അവർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. “2016-ൽ പുതിയ ആറന്മുള മണ്ഡലത്തിൽ ആദ്യമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിച്ചു. 7,646 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു.

2021-ൽ 19,003 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയം ആവർത്തിച്ചു. ഈ പത്ത് വർഷം പരമാവധി ആത്മാർത്ഥതയോടെ പ്രവർത്തിച്ചു. വികസനം സ്വപ്നമായിരുന്ന ആറന്മുളയെ വികസന പ്രവർത്തനങ്ങൾ സാക്ഷാത്കരിക്കുന്ന മണ്ഡലമാക്കാൻ സാധിച്ചു,” എന്നും അവർ കുറിച്ചു. എല്ലാ പ്രതിസന്ധികളിലും ഒപ്പം നിന്നവർക്കു നന്ദി രേഖപ്പെടുത്തി ജനവിധി മാനിക്കുന്നുവെന്നും, ആരംഭിച്ച വികസന പ്രവർത്തനങ്ങൾ തുടരുമെന്ന പ്രതീക്ഷയും അവർ പങ്കുവെച്ചു.

അതേസമയം, രണ്ടാം പിണറായി വിജയൻ മന്ത്രിസഭയ്ക്ക് വലിയ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി കഠിനമായ പോരാട്ടത്തിലൂടെ വിജയിച്ചപ്പോഴും മന്ത്രിസഭയിലെ 21 അംഗങ്ങളിൽ 13 പേർ പരാജയപ്പെട്ടു. സർക്കാരിന്റെ മുഖങ്ങളായിരുന്ന പല പ്രമുഖരും ജില്ലകളിലുടനീളം തോൽവി നേരിട്ടത് ശ്രദ്ധേയമായി.മന്ത്രിമാരായ വി. ശിവൻകുട്ടി, കെ.ബി. ഗണേശ് കുമാർ, ജെ. ചിഞ്ചു റാണി, വി.എൻ. വാസവൻ, വീണ ജോർജ്, റോഷി അഗസ്റ്റിൻ, പി. രാജീവ്, ആർ. ബിന്ദു, എം.ബി. രാജേഷ്, എ.കെ. ശശീന്ദ്രൻ, വി. അബ്ദുറഹിമാൻ, ഒ.ആർ. കേളു, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്. തിരുവനന്തപുരം മുതൽ കണ്ണൂർവരെ വ്യാപിച്ച ഈ തോൽവി എന്താണ് സൂചിപ്പിക്കുന്നത് എന്നത് സിപിഎമ്മിനും എൽഡിഎഫിനും മുന്നിലുള്ള വലിയ ചോദ്യമായി മാറിയിരിക്കുകയാണ്.

More Stories from this section

family-dental
witywide