‘കോഴികളുടെ കണ്ണു കുത്തിപ്പൊട്ടിച്ചു, ഫിഷ് ടാങ്കില്‍ മണ്ണും കല്ലും നിറച്ചു’; എരവിമംഗലത്ത് വീടാക്രമിച്ച് കഞ്ചാവ് സംഘം

തൃശൂര്‍: തൃശൂര്‍ എരവിമംഗലത്ത് കഞ്ചാവ് സംഘത്തിന്റെ അഴിഞ്ഞാട്ടം. എരവിമംഗലം ചിറയത്ത് ഷാജുവിന്റെ വീടിന് നേര്‍ക്കാണ് ഒരു സംഘമാളുകളുടെ ആക്രമണം ഉണ്ടായത്. വീട്ടുകാര്‍ പുറത്തുപോയ സമയത്ത് അതിക്രമിച്ചു കയറിയ സംഘം വീട്ടിലുണ്ടായിരുന്ന കോഴികളുടെ കണ്ണു കുത്തിപ്പൊട്ടിക്കുകയും ഫിഷ് ടാങ്കില്‍ മണ്ണും കല്ലും നിറക്കുകയും ചെയ്തു.

ഗ്യാസ് സിലിണ്ടര്‍ വീടിന് മുന്നില്‍ ഇട്ട നിലയിലാണ്. ശുചിമുറിയിലെ ടൈലുകള്‍ ഇളക്കി മാറ്റുകയും ചെടിച്ചട്ടികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. വീടിന്റെ സ്വിച്ച് ബോര്‍ഡും പറിച്ചെടുത്ത നിലയിലാണ്. വീടിന്റെ വാതില്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് വീടിന്റെ സണ്‍ഷെയ്ഡിലൂടെയാണ് സംഘം അകത്തു കടന്നത്. വീടിന്റെ മുകളില്‍ വെച്ചിരുന്ന സോളാര്‍ പാനലുകള്‍ അടിച്ചു തകര്‍ത്ത നിലയിലാണ്.

അതേസമയം തങ്ങള്‍ കഴിഞ്ഞ ദിവസം വീട്ടിലുണ്ടായിരുന്നില്ലെന്നും അയല്‍ക്കാരാണ് സംഭവം വിളിച്ചറിയിച്ചതെന്നും ഷാജു പറഞ്ഞു. ഷാജുവിന് ടൈലിന്റെ ജോലിയാണ്. തനിക്ക് ആരോടും വഴക്കോ വിദ്വേഷമോ ഉണ്ടായിരുന്നില്ലെന്ന് ഷാജു പറഞ്ഞു. വീടിന് സമീപത്ത് വളരെക്കാലമായി ലഹരിമാഫിയ അഴിഞ്ഞാടുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.