
ഗാസ: ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയിയായ അല്‍ ഷിഫ ഇസ്രയേൽ സൈന്യം വളഞ്ഞതായി അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. അല്‍ ഷിഫയ്ക്ക് നേരെ മാരകമായ വൈറ്റ് ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചതായി പലസ്തീന്‍ ആരോഗ്യമന്ത്രി മയ് അല്‍ കൈല പറഞ്ഞു. അൽ ഷിഫ ആശുപത്രിയുടെ പ്രവർത്തനം നിലച്ചതായി പലസ്തീൻ സർക്കാർ അറിയിച്ചു.
മെഡിക്കല്‍ കോംപ്ലക്‌സിനെ ഇസ്രയേല്‍ സേന പൂര്‍ണമായി ഒറ്റപ്പെടുത്തിയെന്നും ആളുകളെ ലക്ഷ്യംവയ്ക്കുകയാണെന്നും ആശുപത്രി ഡയറക്ടര്‍ നേരത്തേ അറിയിച്ചിരുന്നു. അല്‍ ഷിഫയെ ലക്ഷ്യംവച്ചുള്ള ഇസ്രയേല്‍ ആക്രമണത്തിന് എതിരെ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സും രംഗത്തെത്തി. ആശുപത്രിയിലെ രോഗികളെക്കുറിച്ചും ആരോഗ്യ പ്രവര്‍ത്തകരെക്കുറിച്ചും തങ്ങള്‍ക്ക് അതിയായ ആശങ്കയുണ്ടെന്ന് സംഘടന പറഞ്ഞു.
‘കഴിഞ്ഞ ഏതാനും മണിക്കൂറുകളായി അല്‍ ഷിഫ ആശുപത്രിക്ക് നേരേയുള്ള ആക്രമണം നാടകീയമായി വര്‍ധിച്ചിരിക്കുകയാണ്. ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് ആശുപത്രിയിലെ ഞങ്ങളുടെ ജീവനക്കാര്‍ ഒരു ദുരന്ത സാഹര്യം റിപ്പോര്‍ട്ട് ചെയ്തു.’-സംഘടന അറിയിച്ചു.
നേരത്തെയും ഗാസയിലെ ജനവാസ മേഖലയില്‍ ഇസ്രയേല്‍ വൈറ്റ് ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. അന്താരാഷ്ട്ര നിയമപ്രകാരം നിരോധിക്കപ്പട്ട ആയുധമാണിത്.
വെളുത്തുള്ളിയുടെ മണമുള്ള, മെഴുക് പോലുള്ള രാസപദാര്‍ഥമാണ് ഫോസ്ഫറസ്. പെട്ടെന്ന് കത്തുന്ന രാസവസ്തുവാണിത്. വായുവുമായി കൂടിക്കലരുമ്പോള്‍ ഫോസ്ഫറസ് വളരെ അധികം തിളക്കത്തിലും വേഗത്തിലും കത്തുന്നു. ഈ രാസപ്രവര്‍ത്തനം പെട്ടെന്നുള്ള ചൂടും വെളിച്ചവും പുകയും ഉണ്ടാക്കുന്നത് കാരണം യുദ്ധസമയത്ത് പുകമറ സൃഷ്ടിക്കാന്‍ സേനകള്‍ വൈറ്റ് ഫോസ്ഫറസ് ഉപയോഗിക്കുന്നു. ഗുരുതരമായി പൊള്ളലേല്‍ക്കാന്‍ കാരണമാകുന്നത് കൂടിയാണ് വൈറ്റ് ഫോസ്ഫറസ്.
ഒരിക്കല്‍ കത്തിക്കഴിഞ്ഞാല്‍ വൈറ്റ് ഫോസ്ഫറസ് ചര്‍മത്തിലും വസ്ത്രത്തിലും പറ്റിപ്പിടിക്കും. ഇത് കോശങ്ങളിലേക്കും എല്ലുകളിലേക്കും ആഴത്തില്‍ തുളച്ചുകയറുന്ന പൊള്ളലാകും. മനുഷ്യൻ വെന്തു നീറി മരിക്കും.
IDF troops encircled at Al Shifa hospital,















