ഇസ്രയേലിനെതിരായ സൈനിക നീക്കം; ഹമാസിനു പിന്തുണ പ്രഖ്യാപിച്ച് ഇറാനും ഖത്തറും

റിയാദ്: ഇസ്രയേലിനെതിരെ നടത്തുന്ന സൈനിക നീക്കത്തില്‍ ഹമാസിനു പിന്തുണ പ്രഖ്യാപിച്ച് ഇറാനും ഖത്തറും. പലസ്തീനിന്റെയും ജറുസലമിന്റെയും സ്വാതന്ത്ര്യം യാഥാര്‍ഥ്യമാകുന്നതുവരെ പലസ്തീന്‍ പോരാളികള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് ഇറാന്‍ വ്യക്തമാക്കി. ഇസ്രയേലിനെതിരെ സധൈര്യം ആക്രമണം നടത്തുന്ന പലസ്തീന്‍ പോരാളികളെ അഭിനന്ദിക്കുന്നുവെന്നും ഇറാന്റെ പരമോന്നത നേതാവ് അലി ഹുസൈനി ഖമെനെയിയുടെ ഉപദേശകന്‍ അറിയിച്ചു.

ഇരു വിഭാഗങ്ങളും അക്രമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ട ഖത്തര്‍ സംഘര്‍ഷത്തിന്റെ ഏക ഉത്തരവാദി ഇസ്രയേല്‍ മാത്രമാണെന്നും പരാമര്‍ശിച്ചു. അക്രമ സംഭവങ്ങളുടെ മറവില്‍ ഗാസയിലെ പലസ്തീന്‍കാര്‍ക്കെതിരെ യുദ്ധം ചെയ്യുന്നതില്‍നിന്ന് ഇസ്രയേലിനെ തടയാന്‍ രാജ്യാന്തര സമൂഹം ഇടപെടണമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇസ്രയേലിലെ നിരപരാധികളായ ഇരകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒപ്പമുണ്ടെന്ന് യുദ്ധത്തെ അപലപിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇരയാക്കപ്പെടുന്ന നിരപരാധികള്‍ക്കൊപ്പവും അവരുടെ കുടുംബാംഗങ്ങള്‍ക്കുമൊപ്പം തങ്ങളുടെ പ്രാര്‍ത്ഥനയുണ്ടെന്നും മോദി അപലപിച്ചു. അതീവ ദുഷ്‌കരമായ ഈ സമയത്ത് ഞങ്ങള്‍ ഇസ്രയേലിനോട് ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നുവെന്നും മോദി സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

ഇസ്രയേലിനെതിരായ സൈനിക നീക്കത്തില്‍നിന്ന് ഹമാസ് പിന്‍വാങ്ങമെന്ന് സൗദി അറേബ്യ അഭ്യര്‍ഥിച്ചു. നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന് സൗദിയെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസ്എ, ഫ്രാന്‍സ്, ജര്‍മനി, യുകെ, സ്‌പെയിന്‍, ബെല്‍ജിയം, ഗ്രീസ്, ഇറ്റലി, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക്, യുക്രെയ്ന്‍ തുടങ്ങിയ രാജ്യങ്ങള്‍ ആക്രണത്തിനെതിരെ രംഗത്തെത്തി. ഇരു രാജ്യങ്ങളും അക്രമത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് റഷ്യ, തുര്‍ക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.