പലസ്തീനൊപ്പം നില്‍ക്കാതിരിക്കാന്‍ കഴിയില്ലെന്ന് മിയ ഖലീഫ; അറിവില്ലായ്മ കൊണ്ടാണെന്ന് സോഷ്യല്‍മീഡിയ

പലസ്തീനിലെ നിലവിലെ സാഹചര്യം മനസിലാക്കിയാല്‍ അവരുടെ പക്ഷത്ത് നില്‍ക്കാതിരിക്കാന്‍ കഴിയില്ലെന്ന് മുന്‍ പോണ്‍താരം മിയ ഖലീഫ. ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമായ സാഹചര്യത്തിലാണ് പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മിയ ഖലീഫ രംഗത്തെത്തിയത്. പലസ്തീനിലെ നിലവിലെ സാഹചര്യം മനസിലാക്കിയാല്‍ അവരുടെ പക്ഷത്ത് നില്‍ക്കാതിരിക്കാന്‍ കഴിയില്ല. അതിന് കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ വംശീയതയുടെ തെറ്റായ വശത്താണ്. അത് കാലക്രമേണ ചരിത്രം തെളിയുമെന്നാണ് മിയ ഖലീഫ എക്‌സില്‍ കുറിച്ചത്.

ഒക്ടോബര്‍ ഏഴിന് മിയ ഖലീഫ പങ്കുവെച്ച ഈ പോസ്റ്റ് എക്‌സില്‍ ട്രെന്‍ഡിങ്ങാണ്. 20 മില്യണ്‍ ഇംപ്രഷന്‍സാണ് ഇതിന് ലഭിച്ചത്. അതേസമയം മിയയുടെ അഭിപ്രായത്തിനെതിരെ പ്രതിഷേധവും ശക്തമായി. നിരവധിയാളുകളാണ് മിയക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയത്. അറിവില്ലായ്മ കൊണ്ടാണ് ഇങ്ങനെ ഓരോന്നു പറയുന്നതെന്ന് ചിലര്‍ കമന്റ് ചെയ്തു. മെച്ചപ്പെട്ട ഒരു മനുഷ്യനാകാന്‍ ശ്രമിക്കൂവെന്നും ദുരന്തമുഖത്ത് മനുഷ്യര്‍ ഒരുമിക്കുകയാണ് വേണ്ടതെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.

തന്റെ പോസ്റ്റിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലും മിയ ഖലീഫ വീണ്ടും പ്രതികരണവുമായെത്തി. എന്തൊക്കെ പറഞ്ഞാലും പിന്തുണ പലസ്തീന് തന്നെയാകുമെന്നും പലസ്തീന്‍ സ്വതന്ത്രമാകുന്നതുവരെ ആ നിലപാട് തുടരുമെന്നും മിയ വീണ്ടും എക്‌സില്‍ കുറിച്ചു. ഇസ്രായേല്‍ – പലസ്തീന്‍ വിഷയങ്ങളില്‍ മുമ്പും മിയ ഖലീഫ അഭിപ്രായം തുറന്ന് പറഞ്ഞിട്ടുണ്ട്.

അതേസമയം ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ ആക്രമണത്തിന് പകരമായി ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രായേല്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുകയാണ്. അക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകള്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്.