
ഇസ്രയേലില്‍ എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ പ്രധാനമന്ത്രിക്കും ഇന്ത്യന്‍ സര്‍ക്കാരിനും വളരെ താല്‍പ്പര്യമുണ്ട്, എന്നാല്‍ ഇന്ത്യയിലെ മണിപ്പൂരില്‍ എന്ത് സംഭവിക്കുന്നുവെന്നറിയാന്‍ അവര്‍ക്ക് ഈ താല്‍പര്യമില്ല എന്ന് രാഹുല്‍ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ മിസോറാമില്‍ എത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. മണിപ്പൂര്‍ സംഘര്‍ഷത്തേക്കാള്‍ ഇസ്രയേല്‍-ഹമാസ് യുദ്ധത്തിലാണ് മോദിക്ക് താല്‍പര്യമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇസ്രയേലിന്റെ കാര്യത്തില്‍ മോദിക്ക് അമിതമായ താല്‍പര്യമുണ്ട്. എന്നാല്‍ ആശ്ചര്യകരമെന്നു പറയട്ടെ, മണിപ്പൂര്‍ വിഷയത്തില്‍ അവര്‍ക്ക് ഈ താല്‍പ്പര്യമില്ല. ‘മണിപ്പൂര്‍ എന്ന ആശയം ബിജെപി തകര്‍ത്തു. മണിപ്പൂര്‍ ഇപ്പോള്‍ ഒരു സംസ്ഥാനമല്ല, രണ്ടായി വിഭജിക്കപ്പെട്ടു. ആളുകള്‍ കൊല്ലപ്പെട്ടു, സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടു, കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു, എന്നാല്‍ പ്രധാനമന്ത്രിക്ക് ഇതൊന്നും തീരെ പ്രധാനമായി തോന്നുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.














