
ന്യൂഡൽഹി: ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പുരസ്കാരങ്ങളേക്കാൾ രാജ്യത്തെ പെൺകുട്ടികൾക്ക് വലുത് ആത്മാഭിമാനമാണ്. രാജ്യത്തെ പെൺകുട്ടികളുടെ കണ്ണീരിനേക്കാൾ വലുതാണോ രാഷ്ട്രീയ നേട്ടമെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
കഴിഞ്ഞ ദിവസം ഗുസ്തി താരം വിനേഷ് ഫോഗട്ട് അർജുന അവാർഡും ഖേൽ രത്ന പുരസ്കാരവും പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നിൽ വെച്ച് മടങ്ങുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
രാജ്യത്തിന്റെ കാവൽക്കാരനായിരിക്കേണ്ട പ്രധാനമന്ത്രിയിൽ നിന്നും ഇത്തരം ക്രൂരതകൾ സംഭവിക്കുന്നതിൽ വേദനയുണ്ടന്നു പറഞ്ഞ രാഹുൽ, മോദി സ്വയം പ്രഖ്യാപിത ബാഹുബലിയാണെന്ന് വിമർശിച്ചു.
നേരത്തെ മെഡൽ തിരിച്ചേൽപ്പിച്ച ഗുസ്തി താരം ബജ്രംഗ് പുനിയയെ രാഹുൽ ഗാന്ധി നേരിൽക്കണ്ട് സംസാരിച്ചിരുന്നു. ഗുസ്തി അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച വനിതാ താരം സാക്ഷി മാലിക്കുമായി പ്രിയങ്ക ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു.















