സൗദിയിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് വിദ്യാർഥിനികൾ മരിച്ചു; ഡ്രൈവർമാർക്ക് പരിക്ക്

റിയാദ്: കിഴക്കൻ സൗദി അറേബ്യയിലെ ജുബൈലിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് വിദ്യാർഥിനികൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റ കാർ ഡ്രൈവർ ജുബൈൽ അൽമന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. പരിക്കേറ്റ ബസ് ഡ്രൈവറെ റോയൽ കമ്മീഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിലെ അൽമട്രാഫിയ ജില്ലയിൽ ബുധനാഴ്ച വൈകുന്നേരമായിരുന്നു അപകടം. വിദ്യാർത്ഥിനികൾ സഞ്ചരിച്ചിരുന്ന കാറും റോയൽ കമ്മീഷൻ സ്‌കൂൾ ട്രാൻസ്‌പോർട്ട് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സഹോദരനൊപ്പം സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നു മരിച്ച വിദ്യാർഥികൾ.

അപകട വിവരം അറിഞ്ഞയുടൻ സിവിൽ ഡിഫൻസ്, ട്രാഫിക്, ഇൻഡസ്ട്രിയൽ സെക്യൂരിറ്റി, റെഡ് ക്രസന്റ് എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങൾ സ്ഥലത്തെത്തി. പരിക്കേറ്റവരുടെയും മരിച്ചവരുടെയും വിശദാംശങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

More Stories from this section

family-dental
witywide