‘നാളേക്കുള്ള നിക്ഷേപം’; കുരുന്നുകള്‍ക്കൊപ്പം പ്രഭാതഭക്ഷണമുണ്ട് സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട്ടിലെ എല്ലാ സർക്കാർ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികളെയും സൗജന്യ പ്രഭാതഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നാഗപട്ടണത്തെ തിരുക്കുവളൈയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം വിളമ്പിയ മുഖ്യമന്ത്രി കുട്ടികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. എം കെ സ്റ്റാലിന്റെ പിതാവും മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കരുണാനിധി തിരുക്കുവളൈ സ്കൂളിലെ മുന്‍ വിദ്യാർത്ഥിയാണ്.

“ഇത് കേവലം ഒരു ഫണ്ട് അലോട്ട്‌മെന്റല്ല, നമ്മുടെ കുട്ടികളുടെ ഭാവിയ്ക്ക് വേണ്ടിയുള്ള നിക്ഷേപമാണ്. വിദ്യാർത്ഥികളുടെ മനസ്സും അറിവും വികസിപ്പിക്കുന്നതിനായി തമിഴ്നാട് സർക്കാർ നടത്തുന്ന നിക്ഷേപമാണ്. തീർച്ചയായും ഇതിന്റെ ഫലം പ്രതിഭയുടെ രൂപത്തിൽ പ്രകടമാകും, സംസ്ഥാനത്തിന് നേട്ടമാകും.”, മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിക്കായി സംസ്ഥാന സർക്കാർ 404 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ജനപ്രതിനിധികളോട് അവരവരുടെ നിയോജക മണ്ഡലങ്ങളിലെ സർക്കാർ പ്രൈമറി സ്‌കൂളുകളില്‍ പദ്ധതി നടപ്പിലാക്കാന്‍ മുഖ്യമന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആരംഭിച്ച പദ്ധതി വഴി തമിഴ്‌നാട്ടിലെ 31,000 സ്‌കൂളുകളിലായി 17 ലക്ഷം കുട്ടികള്‍ ഗുണഭോക്താക്കളായേക്കുമെന്നാണ് കണക്കാക്കുന്നത്.

ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ 1.14 ലക്ഷം വിദ്യാർത്ഥികൾക്ക് സൗജന്യ പ്രഭാതഭക്ഷണം നൽകിയ പ്രാരംഭ പദ്ധതിയാണ് സെപ്റ്റംബറില്‍ ആരംഭിച്ചത്. പദ്ധതിക്ക് സമാനന്തരമായി സ്കൂളുകളിലെ ഹാജർനിലയിൽ വർദ്ധനവ് വരികയും സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ പോഷകാഹാര സൂചിക മെച്ചപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് പദ്ധതി വിപുലീകരണത്തിലേക്ക് സർക്കാർ നീങ്ങുന്നത്.

സ്‌കൂൾ കുട്ടികൾക്ക് പോഷകാഹാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ തമിഴ്നാട് സർക്കാർ ആരംഭിച്ച പദ്ധതികളുടെ അവസാന കണ്ണിയാണ് പ്രഭാതഭക്ഷണ വിതരണം. 1921-ൽ മദ്രാസ് പ്രസിഡൻസിക്ക് കീഴിലുള്ള കാലത്ത് ചെന്നൈയിൽ ജസ്റ്റിസ് പാർട്ടി ഉച്ചഭക്ഷണ പദ്ധതി അവതരിപ്പിച്ചിരുന്നു. പില്‍ കാലങ്ങളില്‍ കാമരാജ്, കരുണാനിധി, എംജിആർ, ജയലളിത തുടങ്ങിയ നേതാക്കളും മുഖ്യമന്ത്രിമാരും ഇത്തരം സൗജന്യ ഭക്ഷണ പദ്ധതികൾ സംസ്ഥാനത്തിന് സംഭാവന ചെയ്തിട്ടുണ്ട്.

More Stories from this section

dental-431-x-127
witywide