85%, തമിഴ്നാട്ടിൽ സർവകാല റെക്കോർഡ്; വിജയ് ഫാക്ടറല്ലെന്നും സ്റ്റാലിൻ സർക്കാർ തുടരുമെന്നും ഡിഎംകെ, ഭരണമാറ്റത്തിന്‍റെ ജനവിധിയെന്ന് പ്രതിപക്ഷം

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രം തിരുത്തിക്കുറിച്ച പോളിംഗ് ശതമാനം. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി വോട്ട് വിഹിതം 80 ശതമാനവും കടന്ന് 85.03-ൽ എത്തി. 2021-ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗിൽ 11 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഏകദേശം 25 ലക്ഷത്തിലധികം വോട്ടുകൾ അധികമായി പോൾ ചെയ്യപ്പെട്ടുവെന്നും ഇതിൽ സ്ത്രീ വോട്ടർമാരുടെ എണ്ണമാണ് കൂടുതലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

ആദ്യ മണിക്കൂറുകൾ മുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് ദൃശ്യമായത്. കഴിഞ്ഞ തവണ 60 ശതമാനത്തിൽ താഴെ മാത്രം പോളിംഗ് രേഖപ്പെടുത്തിയ ചെന്നൈ ജില്ലയിൽ ഇത്തവണ 80 ശതമാനത്തിന് മുകളിൽ വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മത്സരിച്ച കൊളത്തൂരിലും ടിവികെ അധ്യക്ഷൻ വിജയ് ജനവിധി തേടിയ പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിലും പോളിംഗ് കുതിച്ചുയർന്നു. സമാധാനപരമായ അന്തരീക്ഷത്തിലാണ് വോട്ടെടുപ്പ് പൂർത്തിയായത്.

അമ്പരപ്പിക്കുന്ന പോളിംഗ് ശതമാനത്തെക്കുറിച്ച് രാഷ്ട്രീയ മുന്നണികൾ വ്യത്യസ്ത അവകാശവാദങ്ങളാണ് ഉന്നയിക്കുന്നത്. ഈ കുതിപ്പിൽ ‘വിജയ് ഫാക്ടർ’ ഒന്നുമില്ലെന്നും സ്റ്റാലിൻ 2.0 സർക്കാർ അധികാരത്തിൽ വരുമെന്നും ഡിഎംകെ ഉറപ്പിച്ചു പറയുന്നു. എന്നാൽ, ഉയർന്ന പോളിംഗ് ഭരണവിരുദ്ധ വികാരത്തിന്റെ സൂചനയാണെന്നും തങ്ങൾ അധികാരം തിരിച്ചുപിടിക്കുമെന്നും എഐഎഡിഎംകെ അവകാശപ്പെട്ടു. പുതിയ രാഷ്ട്രീയ ശക്തിയായ ടിവികെയുടെ സാന്നിധ്യമാണ് പോളിംഗ് ഇത്രയധികം ഉയർത്തിയതെന്നും അത്ഭുതങ്ങൾ സംഭവിക്കുമെന്നുമാണ് വിജയ് അനുകൂലികളുടെ പക്ഷം.

മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ചെന്നൈയിലും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി എടപ്പാടിയിലും വോട്ട് രേഖപ്പെടുത്തി ആത്മവിശ്വാസം പ്രകടിപ്പിച്ചു. നീലാങ്കരയിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ വിജയ്‌യെ സ്വീകരിക്കാൻ വൻ ജനക്കൂട്ടമാണ് എത്തിയത്. 2021-ൽ 4.6 കോടി വോട്ടുകൾ പോൾ ചെയ്ത സ്ഥാനത്ത് ഇത്തവണ 25 ലക്ഷം വോട്ടുകൾ വർദ്ധിച്ചതിനെ ഭരണവിരുദ്ധ തരംഗമായി പ്രതിപക്ഷം വിലയിരുത്തുമ്പോൾ, മെയ് 4-ന് പുറത്തുവരുന്ന ഫലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് തമിഴകം.

Tamil Nadu polls create history with 85% turnout; High stakes for DMK, AIADMK and TVK as results await on May 4

More Stories from this section

family-dental
witywide