
കൊച്ചി: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ്ഗോപിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ 180 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
ബോധപൂര്‍വമായ ലൈംഗികാതിക്രമം നടത്തിയെന്നതുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് കുറ്റപത്രത്തിലുള്ളത്.
ഇക്കഴിഞ്ഞ 27 നാണ് അന്വേഷണ സംഘം കോടതിയില്‍ ആദ്യമായി കുറ്റപത്രം സമര്‍പ്പിച്ചത്. പക്ഷേ, പിശക് കാരണം കുറ്റപത്രം തിരിച്ചയക്കുകയായിരുന്നു. പിന്നീട് പിശകുകള്‍ തിരുത്തിയാണ് ഇന്ന് വീണ്ടും സമര്‍പ്പിച്ചത്.
കഴിഞ്ഞ ഒക്ടോബര്‍ 27 ന് കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച് സംസാരിച്ച സുരേഷ് ഗോപിയുടെ കൈ അവര്‍ എടുത്തുമാറ്റിയെങ്കിലും വീണ്ടും സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച് സംസാരിക്കുകയായിരുന്നു. സുരേഷ് ഗോപി ചെയ്തത് അസ്വാഭാവികമായി തോന്നിയെന്നും സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശ്യത്തോടെ പെരുമാറുകയും ചെയ്‌തെന്നുമാണ് മാധ്യമ പ്രവര്‍ത്തകയുടെ പരാതി.
തുടര്‍ന്ന് മകളോടുള്ള വാത്സല്യമാണ് പ്രകടിച്ചതെന്നും മാപ്പു പറയുന്നുവെന്നും ചൂണ്ടിക്കാട്ടി സുരേഷ് ഗോപി ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. എന്നാല്‍, മാധ്യമപ്രവര്‍ത്തക കേസുമായി മുന്നോട്ട് പോയതോടെയാണ് പിന്നീട് സുരേഷ് ഗോപിക്ക് കുരുക്ക് മുറുകിയത്.














