കാടുകയറിയ നെഞ്ചിടിപ്പിന് ആശ്വാസം, വനത്തില്‍ അകപ്പെട്ട 3 സ്ത്രീകളെയും കണ്ടെത്തി, സുരക്ഷിതര്‍

കോതമംഗലം: ഒരു നാടിയെകായെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ആ മൂന്നുപേരെയും ഒടുവില്‍ കണ്ടെത്തി. കുട്ടമ്പുഴയില്‍ നിന്നും ആശ്വസ വാര്‍ത്ത എത്തി. അട്ടിക്കളത്ത് വനത്തിലേക്ക് കയറിപ്പോയ പശുക്കളെ തെരയാന്‍ പോയ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. പശുക്കളെ തെരഞ്ഞ് വനത്തിലേക്ക് പോയ പാറുക്കുട്ടി, മായ, ഡാര്‍ലി സ്റ്റീഫന്‍ എന്നിവരെയാണ് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ രാവിലെയോടെ കണ്ടെത്തിയത്. മൂന്നുപേരും സുരക്ഷിതരാണെന്ന് മലയാറ്റൂര്‍ ഡി എഫ് ഒ അറിയിച്ചു.

വനത്തിനുള്ളില്‍ 6 കിലോമീറ്റര്‍ അകലെ അറക്കമുത്തി എന്ന സ്ഥലത്താണ് മൂവരും ഉണ്ടായിരുന്നത്. ഇവിടെ നിന്നും കാല്‍നടയായേ ഇവരെ വനത്തിന് പുറത്ത് എത്തിക്കാനാകൂ.

ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് മൂന്ന് സ്ത്രീകളെ വനത്തില്‍ കാണാതായതായി സ്ഥിരീകരിക്കുന്നത്. നാലുമണി വരെ ഇവര്‍ ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു. തുടര്‍ന്നാണ് ഫോണ്‍ സ്വിച്ച് ഓഫ് ആയത്. ഇവരെ കണ്ടെത്താന്‍ രാത്രി വൈകിയും തെര്‍മല്‍ ക്യാമറ ഉപയോഗിച്ചുള്ള പരിശോധന നടത്തിയിരുന്നു.