കേന്ദ്ര സർക്കാരിന്റെയും എൽ.ഐ.സിയുടെയും നിയന്ത്രണത്തിലുള്ള ഐഡിബിഐ ബാങ്കിന്റെ 60.72 ശതമാനം ഓഹരികൾ കനേഡിയൻ ധനകാര്യ സ്ഥാപനമായ ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ്സിന് വിൽക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതിയുടെ (സിസിഇഎ) ഈ തീരുമാനം അഞ്ച് വർഷത്തിലേറെയായി നീണ്ടുനിന്ന നടപടികൾക്കാണ് അവസാനമാകുന്നത്. 52,878 കോടി രൂപയ്ക്കാണ് ഈ ഓഹരി കൈമാറ്റം നടക്കുന്നത്. രാജ്യത്തെ ധനകാര്യ മേഖലയിലെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ വിദേശനിക്ഷേപത്തിനാണ് ഇതിലൂടെ വഴിതുറന്നിരിക്കുന്നത്.
എയർ ഇന്ത്യയുടെ വിറ്റഴിക്കലിനുശേഷം സർക്കാർ നിയന്ത്രണത്തിലുണ്ടായിരുന്ന ഒരു സ്ഥാപനത്തിന്റെ രാജ്യത്തെ ഏറ്റവും വലിയ ഓഹരി വിറ്റഴിക്കൽകൂടിയാണിത്. ഈ ഓഹരി വിറ്റഴിക്കൽ നടപടികൾ പൂർത്തിയാകുന്നതോടെ ഐഡിബിഐ ബാങ്കിന്റെ നിയന്ത്രണം ഫെയർഫാക്സിന് കൈമാറുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഫെയർഫാക്സിന് കൈമാറുന്ന ഓഹരികളിൽ കേന്ദ്ര സർക്കാരിന്റെ 30.48 ശതമാനം ഓഹരികളും എൽ.ഐ.സിയുടെ 30.24 ശതമാനം ഓഹരികളുമാണ് ഉൾപ്പെടുന്നത്. കൃത്യമായി പറഞ്ഞാൽ 52,877.07 കോടി രൂപയ്ക്കാണ് ഈ ഓഹരികൾ കൈമാറുന്നത്.
ഓഹരി വിറ്റഴിക്കലിനുശേഷവും സർക്കാരും എൽ.ഐ.സിയും ചേർന്ന് ബാങ്കിൽ ഗണ്യമായ പങ്കാളിത്തം നിലനിർത്തും. ഇതുപ്രകാരം ഇരു വിഭാഗവും ചേർന്ന് ഐഡിബിഐ ബാങ്കിൽ 34 ശതമാനം ഓഹരികൾ കൈവശം വെക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ഐഡിബിഐ ബാങ്കിൽ എൽ.ഐ.സിക്ക് 49.24 ശതമാനവും കേന്ദ്ര സർക്കാരിന് 45.48 ശതമാനവും ഉൾപ്പെടെ ആകെ 94.71 ശതമാനം ഓഹരികളാണുള്ളത്. വിൽപനയ്ക്കുശേഷം എൽ.ഐ.സിക്ക് ഏകദേശം 19 ശതമാനവും കേന്ദ്ര സർക്കാരിന് 15 ശതമാനവും ഓഹരികൾ മാത്രമായി ചുരുങ്ങും.
പൊതുമേഖലാ ബാങ്കായിരുന്ന ഐഡിബിഐ ബാങ്കിൽ എൽ.ഐ.സി 51 ശതമാനം നിയന്ത്രണ ഓഹരികൾ സ്വന്തമാക്കിയതിനെ തുടർന്ന് 2019-ൽ റിസർവ് ബാങ്ക് ഇതിനെ സ്വകാര്യ ബാങ്കുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് ബാങ്കിലെ ഓഹരികൾ വിൽക്കുന്നതിനായി 2022-ലാണ് സർക്കാർ ഔദ്യോഗികമായി താത്പര്യപത്രം ക്ഷണിച്ചത്. വർഷങ്ങൾ നീണ്ട നടപടിക്രമങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് ഇപ്പോൾ കനേഡിയൻ സ്ഥാപനത്തിന് ഓഹരികൾ വിൽക്കാനുള്ള അന്തിമ തീരുമാനത്തിലേക്ക് സർക്കാർ എത്തിച്ചേർന്നിരിക്കുന്നത്.
Centre Approves Sale of IDBI Bank Stakes to Canadian Firm Fairifax; One of the Country’s Largest Deals










