
ന്യൂഡല്‍ഹി: വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പ് വിജയിച്ച് നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകണമെന്ന് പ്രാര്‍ത്ഥിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വിരല്‍ മുറിച്ച് യുവാവ്. മോദിയുടെ കടുത്ത ആരാധകനായ കര്‍ണാടകയിലെ കാര്‍വാറില്‍ നിന്നുള്ള അരുണ്‍ വര്‍ണ്ണേക്കര്‍ എന്ന യുവാവിനാണ് അപകടം സംഭവിച്ചത്.
കാളിക്ക് രക്തം പുരട്ടി പ്രാര്‍ത്ഥിക്കുന്നതിനിടെ അബദ്ധത്തില്‍ വിരല്‍ മുറിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇടത് കൈയിലെ വിരലില്‍ നിന്ന് രക്തം നല്‍കാനായി കത്തി ഉപയോഗിച്ച് മുറിക്കുന്നതിനിടെ അബദ്ധത്തില്‍ ഒരു വിരല്‍ മുഴുവനായി മുറിഞ്ഞ് പോകുകയായിരുന്നു. താന്‍ അമിത ബലം നല്‍കി വിരല്‍ മുറിച്ചതുകൊണ്ടാണ് ഈ അപകടം സംഭവിച്ചതെന്ന് യുവാവ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. വിരല്‍ പോയാലും കുഴപ്പമില്ലെന്നും താനിത് കാളി ദേവിക്കുള്ള വഴിപാടായി കണക്കാക്കുമെന്നും യുവാവ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ, യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ, മുറിഞ്ഞുപോയ വിരല്‍ തിരികെ ചേര്‍ക്കാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഈ യുവാവ് തന്റെ വീടിനുള്ളില്‍ പ്രധാനമന്ത്രി മോദിയുടെ ക്ഷേത്രം നിര്‍മ്മിച്ച് മുമ്പും മോദിയോടുള്ള ആരാധന വ്യക്തമാക്കിയിട്ടുണ്ട.് കൂടാതെ പ്രധാനമന്ത്രിക്ക് പതിവായി പൂജകള്‍ നടത്താറുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. വീടിന്റെ ചുവരുകളില്‍ ‘മോദി ബാബ സബ്സേ മഹാന്‍, എന്ന് എഴുതിവെച്ചിരിക്കുന്ന യുവാവ് പ്രധാനമന്ത്രി മോദിയെ ‘മോദി ബാബ’ എന്ന് വിളിക്കുകയും അദ്ദേഹത്തെ ദൈവമായി കണക്കാക്കുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.











