
ബ്രിട്ടനിലെ ചാൾസ് രാജാവിന് നേരെ കൊളോണിയൽ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ച് ഓസ്‌ട്രേലിയൻ സെനറ്റർ ലിഡിയ തോർപ്പ്. ചാൾസ് രാജാവിന്റെ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെയാണ് സ്വതന്ത്ര ഓസ്‌ട്രേലിയൻ സെനറ്റർ ലിഡിയ തോർപ്പ് മുദ്രാവാക്യങ്ങൾ വിളിച്ചത്. ”ഇത് നിങ്ങളുടെ നാടല്ല, നിങ്ങൾ എന്റെ രാജാവല്ല” എന്നാക്രോശിച്ച സെനറ്ററെ സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തേക്ക് മാറ്റി.വിക്ടോറിയയിൽ നിന്നുള്ള ഒരു സ്വതന്ത്ര സെനറ്ററാണ് തോർപ്പ്.
“നിങ്ങൾ ഞങ്ങളുടെ ജനങ്ങൾക്കെതിരെ വംശഹത്യ നടത്തി. ഞങ്ങളുടെ ഭൂമി ഞങ്ങൾക്ക് തിരികെ തരൂ! ഞങ്ങളിൽ നിന്ന് മോഷ്ടിച്ചത് ഞങ്ങൾക്ക് തരൂ! ഞങ്ങളുടെ അസ്ഥികൾ, ഞങ്ങളുടെ തലയോട്ടികൾ, ഞങ്ങളുടെ കുഞ്ഞുങ്ങൾ, ഞങ്ങളുടെ ആളുകൾ. നിങ്ങൾ ഞങ്ങളുടെ ഭൂമി നശിപ്പിച്ചു! ഇത് നിങ്ങളുടെ ഭൂമിയല്ല!” ലിഡിയ ചാൾസ് രാജാവിനെ നേരെ വിളിച്ച് പറഞ്ഞു.
പ്രധാനമന്ത്രി ആൻ്റണി അൽബനീസ് ഉൾപ്പെടെയുള്ള രാഷ്ട്ര നേതാക്കളെ കാണാൻ ചാൾസ് രാജാവും കാമില രാജ്ഞിയും ഓസ്‌ട്രേലിയൻ തലസ്ഥാനമായ കാൻബെറ സന്ദർശിച്ച വേളയിലായിരുന്നു സെനറ്ററുടെ പ്രതിഷേധം. ഓസ്‌ട്രേലിയയുടെ പാർലമെൻ്റ് ഹൗസിൽ ചാൾസ് മൂന്നാമൻ പ്രസംഗം പൂർത്തിയാക്കിയതിന് പിന്നാലെയായിരുന്നു സംഭവം. പിന്നാലെ തന്നെ സംഭവത്തെക്കുറിച്ച് കൂടുതൽ പരാമർശിക്കാതെ ചടങ്ങ് അവസാനിപ്പിക്കുകയും ചെയ്തു.
ഓസ്‌ട്രേലിയയിലേക്കുള്ള ബ്രിട്ടീഷ്കുടിയേറ്റക്കാരുടെ വരവ്, 1930-കൾ വരെ രാജ്യത്തുടനീളമുള്ള നൂറുകണക്കിന് സ്ഥലങ്ങളിൽ തദ്ദേശീയരെ കൂട്ടക്കൊലയിലേക്ക് നയിച്ചിരുന്നു. 100 വർഷത്തിലേറെയായി ഓസ്‌ട്രേലിയ ഒരു ബ്രിട്ടീഷ് കോളനിയാണ്. ഈ സമയത്ത് ആയിരകണക്കിന് ആദിവാസി ഓസ്‌ട്രേലിക്കാർ കൊല്ലപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തിട്ടുണ്ട്. രാജ്യം യഥാർത്ഥത്തിൽ സ്വാതന്ത്ര്യം നേടിയെങ്കിലും ഇതുവരെ ഒരു സമ്പൂർണ്ണ റിപ്പബ്ലിക്കായിട്ടില്ല. ചാൾസ് രാജാവാണ് നിലവിലെ രാഷ്ട്രത്തലവൻ.
Australian senator Lidia Thorpe heckles King Charles at parliament