
ജോർജിയ: യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലേക്ക് വീണ്ടും മത്സരിക്കുന്ന നിലവിലെ പ്രസിഡന്റ് ജോ ബൈഡന് നേരെ ശനിയാഴ്ച ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രതിഷേധം.
ഗാസയിൽ യുദ്ധത്തിനും മരണസംഖ്യ ഉയരുന്നതിനും ഇടയിൽ ഇസ്രായേലിനുള്ള അമേരിക്കയുടെ തുടർച്ചയായ പിന്തുണയ്‌ക്കെതിരെയാണ് വിമർശനം. പലസ്തീൻ അനുകൂല പ്രതിഷേധക്കാരൻ ബൈഡനെ ഏകാധിപതിയെന്നും വംശഹത്യക്കാരൻ എന്നും വിളിച്ച് ആക്രോശിച്ചു.
എക്‌സിൽ പങ്കുവച്ച ഒരു വീഡിയോയിൽ, “നിങ്ങൾ ഒരു ഏകാധിപതിയാണ്, വംശഹത്യക്കാരനായ ജോ. പതിനായിരക്കണക്കിന് പലസ്തീനികൾ മരിച്ചു, കുട്ടികൾ മരിക്കുന്നു.” എന്ന് ഒരു പ്രതിഷേധക്കാരൻ ആക്രോശിക്കുന്നത് കേൾക്കാം.
വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും 30,000 പലസ്തീനികളുടെ ജീവൻ അപഹരിച്ച ഇസ്രായേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
പ്രാദേശിക വാർത്താ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പ്രതിഷേധവുമായി എത്തിയ ആളെ വേദിയിൽ നിന്ന് പുറത്തുകൊണ്ടുപോയി.















