കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരെ മാധ്യമങ്ങൾ തുടർച്ചയായി നിർമ്മിത കഥകൾ ചമയ്ക്കുകയാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്. ജില്ലാ സെക്രട്ടറിയായി രാഗേഷിനെ ഐകകണ്ഠേനയാണ് തെരഞ്ഞെടുത്തതെന്നും, ഇതിനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നൽകിയെന്ന വാർത്തകൾ തികച്ചും വ്യാജമാണെന്നും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. ബോധപൂർവ്വം വ്യാജവാർത്തകൾ നിർമ്മിച്ച് പാർട്ടിയുടെ സംഘടനാ രീതികളെ അപഹസിക്കാനാണ് ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത്.
കെ.കെ. രാഗേഷിനെ പാർട്ടി ചട്ടങ്ങൾക്ക് വിരുദ്ധമായി ജില്ലാ സെക്രട്ടറിയാക്കിയെന്ന് കാണിച്ച് ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ ജനറൽ സെക്രട്ടറി എം.എ. ബേബിക്ക് പരാതി നൽകിയെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, പാർട്ടിയിൽ ജില്ലാ സെക്രട്ടറിയെ നിയമിക്കുകയല്ല, മറിച്ച് ജനാധിപത്യപരമായി തെരഞ്ഞെടുക്കുകയാണെന്നും കണ്ണൂരിൽ അത്തരത്തിലാണ് തെരഞ്ഞെടുപ്പ് നടന്നതെന്നും സി.പി.എം വ്യക്തമാക്കി. മുതിർന്ന സംസ്ഥാന കമ്മിറ്റി അംഗം എന്ന നിലയ്ക്കാണ് രാഗേഷിനെ ഈ ചുമതല ഏൽപ്പിച്ചതെന്ന് സംസ്ഥാന നേതൃത്വവും മുൻപ് വ്യക്തമാക്കിയതാണ്.
രാഗേഷിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ പാർട്ടി പ്രവർത്തകർ എന്ന വ്യാജേന സൈബർ ആക്രമണം നടത്തുന്നത് പാർട്ടി ശത്രുക്കളാണെന്ന് ജില്ലാ സെക്രട്ടറിയേറ്റ് ആരോപിച്ചു. സൈബർ ബുള്ളിയിംഗിനെ ‘ജില്ലാ സെക്രട്ടറിക്കെതിരെ പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം’ എന്ന രീതിയിൽ തെറ്റായി അവതരിപ്പിക്കുകയാണ്. ഇതിനു പിന്നിലെ ഗൂഢലക്ഷ്യങ്ങൾ പൊതുസമൂഹം തിരിച്ചറിയണമെന്നും സി.പി.എം ആവശ്യപ്പെട്ടു.
CPM Denies Reports Against KK Ragesh, Terms Them Fake News














