മത്സരത്തിൽ നിന്ന് പിന്മാറാനുള്ള സമ്മർദ്ദത്തിനിടെ ബൈഡന്റെ നിർണായക കുടുംബയോഗം: പ്രചാരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി

വാഷിങ്ടൺ: നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മത്സരത്തിൽ നിന്ന് പിന്മാറാനുള്ള സമ്മർദ്ദം വർധിക്കുന്നതിനിടെ, പ്രസിഡൻ്റ് ജോ ബൈഡൻ ക്യാമ്പ് ഡേവിഡിൽ സുപ്രധാന കുടുംബയോഗം നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വ്യാഴാഴ്ച രാത്രി നടന്ന സംവാദത്തിലെ മോശം പ്രകടനത്തിന് ശേഷം അദ്ദേഹം തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാവി ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന യുഎസ് തെരഞ്ഞെടുപ്പിൽ എതിരാളിയായ ഡൊണാൾഡ് ട്രംപിനെ ശക്തമായി വെല്ലുവിളിക്കാനുള്ള ബൈഡന്റെ ശാരീരിക-മാനസിക ക്ഷമതയെക്കുറിച്ച് വിവിധ കോണുകളിൽ നിന്ന് ആശങ്കകളുയരുന്ന സാഹചര്യത്തിലാണ് കുടുംബ യോഗം വിളിച്ചിരിക്കുന്നത്.

എൻബിസി ന്യൂസ് റിപ്പോർട്ട് പ്രകാരം, 81 കാരനായ കമാൻഡർ-ഇൻ-ചീഫ് 125 ഏക്കർ കൺട്രി റിട്രീറ്റിൽ കുടുംബാംഗങ്ങളുമായി ഒരു രഹസ്യ യോഗം നടത്താൻ പദ്ധതിയിട്ടിരിക്കുകയാണ്. അദ്ദേഹത്തിൻ്റെ ഭാര്യ ജിൽ ബൈഡനും മക്കളും കൊച്ചുമക്കളും യോഗത്തിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച വൈകുന്നേരമാണ് നിശ്ചയിച്ചിരിക്കുന്നത്. ബൈഡന്റെ ആരോഗ്യപ്രശ്നങ്ങളും ദുർബലതയും ചൂടേറിയ ചർച്ചയാകുന്ന സാഹചര്യത്തിൽ അദ്ദേഹം കുടുംബാംഗങ്ങളുടെ അഭിപ്രായം ആരായുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ ഒരുക്കമല്ലെന്നു തന്നെയാണ് കരോലിനയിൽ നടന്ന റാലിയിൽ അദ്ദേഹം അണികൾക്ക് നൽകിയ സൂചന. മുൻ പ്രസിഡൻ്റുമാരായ ബരാക് ഒബാമ, ബിൽ ക്ലിൻ്റൺ തുടങ്ങിയ പ്രമുഖ പാർട്ടി നേതാക്കളിൽ നിന്ന് ബൈഡന് ശക്തമായ പിന്തുണയുണ്ടെങ്കിലും, പാർട്ടി പ്രതിനിധികളായ ഹക്കീം ജെഫ്രീസ്, ജിം ക്ലൈബേൺ, നാൻസി പെലോസി എന്നിവർ വിജയസാധ്യതയെക്കുറിച്ച് ചില സംശയങ്ങൾ പ്രകടിപ്പിച്ചതായി എൻബിസി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം ബൈഡന്റെ പ്രചാരണത്തെ ഇവർ പിന്തുണയ്ക്കുന്നുണ്ട്.

“തീർച്ചയായും അദ്ദേഹം മത്സരം ഉപേക്ഷിക്കുന്നില്ല,” പകരക്കാരനെക്കുറിച്ചുള്ള അഭ്യൂഹങ്ങളെ അഭിസംബോധന ചെയ്ത് ബൈഡൻ്റെ പ്രചാരണ വക്താവ് ലോറൻ ഹിറ്റ് വ്യക്തമാക്കി.

“സ്പീക്കർ പെലോസിക്ക് പ്രസിഡൻ്റ് ബൈഡനിൽ പൂർണ്ണ വിശ്വാസമുണ്ട്, 2025 ജനുവരി 20 ന് അദ്ദേഹത്തിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നു,” പെലോസിയുടെ വക്താവ് എൻബിസിയോട് പറഞ്ഞു. ഇനിയെന്തെന്ന് തീരുമാനിക്കാനുള്ള അവസരം ബൈഡൻ അർഹിക്കുന്നുവെന്ന് പ്രമുഖ ഡെമോക്രാറ്റുകളും വ്യക്തമാക്കി.

More Stories from this section

family-dental
witywide