ക്വാഡ് ഉച്ചകോടിക്ക് ബൈഡൻ ആതിഥേയത്വം വഹിക്കും, മോദി വീണ്ടും അമേരിക്കയിലേക്ക്

വാഷിംഗ്ടൺ: 2024 ലെ ക്വാഡ് ഉച്ചകോടിക്ക് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ആതിഥേയത്വം വഹിക്കും. ഈ മാസം ഈ 21ന് ഡെലവെയറിലെ വിൽമിങ്ങ്ടണിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡ, ഓസ്ട്രേലിയ പ്രധാനമന്ത്രി ആന്റണി ആൽബനീസ് എന്നിവരെല്ലാം പങ്കെടുക്കും.

ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ് അഥവാ ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്. ഇന്‍ഡോ-പസഫിക് മേഖലയിലെ സുരക്ഷയും സാമ്പത്തിക സഹകരണവും ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചയാകും. ക്വാഡ് രാജ്യങ്ങള്‍ക്കിടയിലെ നയതന്ത്രം ശക്തിപ്പെടുത്തല്‍, ആരോഗ്യ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. ക്വാഡ് രൂപീകരിച്ചിട്ട് 20 വർഷം പിന്നിടുന്നുവെന്ന പ്രത്യേകതയും ഡെലവെയറിൽ നടക്കുന്ന ഉച്ചകോടിക്കുണ്ട്.

ഇന്ത്യയിലായിരുന്നു ഇക്കുറി ക്വാഡ് ഉച്ചകോടി നടക്കേണ്ടിയിരുന്നത്. എന്നാൽ ജോ ബൈഡന്റെ ക്യാമ്പയിന്‍ തിരക്കുകളും ഇന്ത്യയിലെ തിരഞ്ഞെടുപ്പിന്‍റെയും പശ്ചാത്തലത്തില്‍ ഇത് ജോ ബൈഡന്റെ ജന്മനാടായ ഡെലവെയറിലേക്ക് മാറ്റുകയായിരുന്നു. അടുത്ത വര്‍ഷത്തെ ക്വാഡ് ഉച്ചകോടിയ്ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ. ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 20 ന് അമേരിക്കയിലെത്തുമെന്നാണ് വിവരം. ക്വാഡിന് ശേഷം സെപ്തംബർ 22, 23 തിയതികളിലായി ന്യൂയോർക്കിൽ നടക്കുന്ന യു എൻ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.

More Stories from this section

family-dental
witywide