
ന്യൂഡൽഹി: പ്രശസ്ത കുച്ചിപ്പുടി നർത്തകൻ അമർനാഥ് ഘോഷിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തെ തുടർന്ന് യുഎസ് അധികൃതരുമായി തങ്ങൾ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഇന്ത്യൻ സർക്കാർ അറിയിച്ചു. ചൊവ്വാഴ്ച യുഎസിലെ മിസോറിയിൽ സായാഹ്ന സവാരിക്കിടെയാണ് അമർനാഥ് വെടിയേറ്റ് മരിച്ചത്.
സെൻ്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയിൽ നൃത്തത്തിൽ എംഎഫ്എ വിദ്യാർഥിയായിരുന്നു ഘോഷ്.
അന്വേഷണം തുടരുകയാണെന്നും പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
“മിസോറിയിലെ StLouis-ൽ മരിച്ച അമർനാഥ് ഘോഷിൻ്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അഗാധമായ അനുശോചനം അറിയിക്കുന്നു. ഞങ്ങൾ ഫോറൻസിക്, പോലീസ് അന്വേഷവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി പിന്തുടരുന്നുണ്ട്,” എംബസി എക്‌സിൽ പറഞ്ഞു.
“മരിച്ച അമർനാഥ് ഘോഷിൻ്റെ ബന്ധുക്കൾക്ക് കോൺസുലേറ്റ് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. അപലപനീയമായ തോക്ക് ആക്രമണത്തിൽ കൃത്യമായ അന്വേഷണം നടക്കുമെന്ന് സെൻ്റ് ലൂയിസ് പോലീസും സർവകലാശാലയും അറിയിച്ചിട്ടുണ്ട്,” എംബസി കൂട്ടിച്ചേർത്തു.
കൊൽക്കത്ത ബീർഭൂം സ്വദേശിയായ അമർനാഥ് ഘോഷ് ബംഗാളിലെ അറിയപ്പെടുന്ന ക്ളാസിക്കൽ ഡാൻസറാണ്.











