
വാഷിംഗ്ടൺ: ഡെന്മാർക്കിലെ മുൻ യു.എസ് അംബാസഡർ കാർല സാൻഡ്സ് ഇന്ത്യക്കാർക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദത്തിന് തിരികൊളുത്തി. ഡോണൾഡ് ട്രംപിൻ്റെ മുൻ ഉപദേശകൻ സ്റ്റീവ് ബാനൻ്റെ ടോക്ക് ഷോയിൽ സംസാരിക്കവേയാണ്, പത്ത് കൽപ്പനകൾ പിന്തുടരുന്ന അമേരിക്കക്കാർ ഇന്ത്യക്കാരേക്കാൾ ശ്രേഷ്ഠരാണെന്നും അമേരിക്കയിൽ സാധാരണയായി സാമ്പത്തിക തട്ടിപ്പുകൾ നടക്കാറില്ലെന്നും സാൻഡ്സ് അവകാശപ്പെട്ടത്.
Indian immigrants succeed because they are educated, work hard & follow the law. These are conservative values.
— Daniel Di Martino (@DanielDiMartino) June 3, 2026
It's shameful for someone to say Indians succeed through fraud.
This lame excuse is no better than the far left saying whites oppress blacks.pic.twitter.com/BN43QdboMp
വിദേശ സംസ്കാരങ്ങൾ അമേരിക്കയിലേക്ക് അഴിമതിയാണ് കൊണ്ടുവരുന്നതെന്ന് കാർല സാൻഡ്സ് ആരോപിച്ചു. എച്ച്-1ബി വിസ ലഭിക്കുന്ന ഇന്ത്യക്കാർ തങ്ങളുടെ ശമ്പളത്തിൻ്റെ വലിയൊരു ശതമാനം ഏജൻ്റുമാർക്ക് സ്ഥിരമായി നൽകേണ്ടി വരുന്നുണ്ടെന്നും, വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചാണ് പലരും യു.എസിൽ ജോലി നേടുന്നതെന്നും അവർ പറഞ്ഞു. ഇന്ത്യയിൽ മെഡിസിൻ പഠിക്കാത്തവർക്ക് വരെ മെഡിക്കൽ ബിരുദങ്ങൾ പണം നൽകി വാങ്ങാൻ സാധിക്കുന്നുണ്ടെന്നും സാൻഡ്സ് കുറ്റപ്പെടുത്തി.
എന്നാൽ, കാർല സാൻഡ്സിൻ്റെ ഈ പ്രസ്താവനയ്ക്കെതിരെ പ്രമുഖ ഇമിഗ്രേഷൻ പോളിസി വിദഗ്ധനും മൻഹാട്ടൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഫെലോയുമായ ഡാനിയൽ ഡി മാർട്ടിനോ ശക്തമായി രംഗത്തെത്തി. സാൻഡ്സിൻ്റെ നിലപാട് ലജ്ജാകരമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
“ഇന്ത്യൻ കുടിയേറ്റക്കാർ വിജയിക്കുന്നത് അവരുടെ വിദ്യാഭ്യാസം, കഠിനാധ്വാനം, നിയമബോധം എന്നിവ കൊണ്ടാണ്. അല്ലാതെ തട്ടിപ്പിലൂടെയല്ല. ഗൂഗിളും ആപ്പിളും ഉൾപ്പെടെയുള്ള സിലിക്കൺ വാലി കമ്പനികളും അമേരിക്കയിലെ പ്രമുഖ ആശുപത്രികളും ആയിരക്കണക്കിന് തട്ടിപ്പുകാരെ അല്ല ജോലിക്ക് വെയ്ക്കുന്നത്. എല്ലാ സമൂഹത്തിലും ചെറിയ രീതിയിൽ തട്ടിപ്പുകൾ നടക്കാറുണ്ട്, എന്നാൽ ഇന്ത്യക്കാർ തട്ടിപ്പിലൂടെയാണ് പണമുണ്ടാക്കുന്നതെന്ന വാദം പൂർണ്ണമായും തെറ്റാണ്,” മാർട്ടിനോ വ്യക്തമാക്കി.
അമേരിക്കൻ ഐടി കമ്പനികളായ മെറ്റാ, ആമസോൺ, ഡിസ്നി തുടങ്ങിയവ അമേരിക്കക്കാരെ മാത്രമേ ജോലിക്ക് എടുക്കാവൂ എന്ന് കാർല സാൻഡ്സ് മുൻപും വാദിച്ചിരുന്നു. ഇന്ത്യൻ തൊഴിലാളികളെ ചൂഷണം ചെയ്താണ് കമ്പനികൾ ലാഭമുണ്ടാക്കുന്നതെന്നും അവർ മുൻപ് എഴുതിയ ലേഖനത്തിൽ പറഞ്ഞിരുന്നു. എന്തായാലും സാൻഡ്സിന്റെ പുതിയ പ്രസ്താവനയ്ക്കെതിരെ ആഗോളതലത്തിൽ, പ്രത്യേകിച്ച് ഇന്ത്യക്കാർക്കിടയിൽ കടുത്ത അമർഷം പുകയുകയാണ്.
“Indians are crooks, Americans are superior”; Former US ambassador’s racist remark sparks controversy















