
മയാമി: യുഎസിലെ ഫ്ലോറിഡയിൽ വയോധികയെ ഭീഷണിപ്പെടുത്തി 495,000 ഡോളർ (ഏകദേശം 4.14 കോടി രൂപ) വിലമതിക്കുന്ന സ്വർണ്ണക്കട്ടികൾ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഇന്ത്യൻ പൗരൻ അറസ്റ്റിലായി. കാലിഫോർണിയയിൽ താമസിക്കുന്ന ഇരുപതുകാരനായ ഗുർപീന്ദർ സിംഗാണ് അലാചുവ കൗണ്ടിയിൽ വെച്ച് പിടിയിലായത്.
ഫെഡറൽ ഏജൻ്റുമാരെന്ന വ്യാജേനയാണ് തട്ടിപ്പുകാർ വയോധികയെ സമീപിച്ചത്. ഇവരുടെ സോഷ്യൽ സെക്യൂരിറ്റി നമ്പറും ബാങ്ക് അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടുവെന്നും പണം സുരക്ഷിതമാക്കാൻ ഉടനടി സ്വർണ്ണക്കട്ടികൾ വാങ്ങി നൽകണമെന്നും ഇവർ വയോധികയെ വിശ്വസിപ്പിച്ചു. ഇതനുസരിച്ച് ആദ്യഘട്ടത്തിൽ 101,000 ഡോളറിൻ്റെ സ്വർണം ഇവർ തട്ടിപ്പുകാർക്ക് കൈമാറിയിരുന്നു.
വീണ്ടും 400,000 ഡോളറിലധികം വിലവരുന്ന സ്വർണം ആവശ്യപ്പെട്ടതോടെ വയോധിക പൊലീസിനെ വിവരമറിയിച്ചു. തുടർന്നാണ് എഫ്.ബി.ഐയും പ്രാദേശിക ഷെരീഫ് ഓഫീസും ചേർന്ന് പ്രതിയെ കുടുക്കാൻ കെണിയൊരുക്കിയത്. 497,229 ഡോളർ മൂല്യമുള്ള സ്വർണ്ണക്കട്ടികളടങ്ങിയ ബാഗ് കൈമാറാമെന്ന് വയോധിക പ്രതികളെ അറിയിച്ചു. ഗെയിൻസ്‌വില്ലിലെ ഒരു ഗ്യാസ് സ്റ്റേഷനിൽ വെച്ച് സ്വർണം കൈപ്പറ്റാൻ കാറിലെത്തിയ ഗുർപീന്ദർ സിംഗിനെ പ്രദേശത്ത് നിലയുറപ്പിച്ചിരുന്ന രഹസ്യപ്പൊലീസ് വളഞ്ഞു പിടികൂടുകയായിരുന്നു.
പ്രതിയുടെ പക്കൽ നിന്ന് ഇന്ത്യൻ പാസ്‌പോർട്ടും കാലിഫോർണിയ ഡ്രൈവിംഗ് ലൈസൻസും പൊലീസ് കണ്ടെടുത്തു. വൻകിട മോഷണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഗുർപീന്ദർ സിംഗിനെ നിലവിൽ അലാചുവ കൗണ്ടി ജയിലിൽ ജാമ്യമില്ലാതെ പാർപ്പിച്ചിരിക്കുകയാണ്. രാജ്യാന്തര തട്ടിപ്പ് സംഘങ്ങളുമായി ഇയാൾക്കുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Indian national arrested for trying to steal gold worth 4 crores from elderly woman in Florida















