
ബീജിങ്: നാവികസേനക്ക് കരുത്തായി അത്യാധുനിക യുദ്ധക്കപ്പൽ കമ്മീഷൻ ചെയ്ത് ചൈന. ആദ്യത്തെ നെക്സ്റ്റ് ജനറേഷൻ ആംഫീബിയസ് ആക്രമണ കപ്പലാണ് പുറത്തിറക്കിയത്. വെള്ളിയാഴ്ച ഷാങ്ഹായിലെ കപ്പൽശാലയിൽ നടന്ന ചടങ്ങിലാണ് ടൈപ്പ് 076 ആംഫിബിയസ് ആക്രമണ കപ്പൽ നീറ്റിലിറക്കിയതെന്ന് പീപ്പിൾസ് ലിബറേഷൻ ആർമി നേവി (പ്ലാൻ) പ്രസ്താവനയിൽ പറഞ്ഞു. തെക്കുപടിഞ്ഞാറൻ ചൈനീസ് പ്രവിശ്യയുടെ പേരിൽ സിചുവാൻ എന്ന് നാമകരണം ചെയ്യപ്പെട്ട ഈ കപ്പൽ നാവികസേനയുടെ പ്രവര്ത്തനം മെച്ചപ്പെടുത്തുന്നതിനും ദീർഘദൂര പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിനുമുള്ള ഒരു പ്രധാന കപ്പലായി സൈന്യം വിശേഷിപ്പിക്കുന്നു.
40,000 ടണ്ണിലധികം ഫുൾ-ലോഡ് ഡിസ്‌പ്ലേസ്‌മെൻ്റുമായി, ഇരട്ട-ദ്വീപ് സൂപ്പർ സ്ട്രക്ചറും മുഴുനീള ഫ്ലൈറ്റ് ഡെക്കും ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ ആക്രമണ കപ്പലുകളിൽ ടൈപ്പ് 076 സ്ഥാനം പിടിക്കുന്നു. വൈദ്യുതകാന്തിക കാറ്റപ്പൾട്ട് സംവിധാനമാണ് പ്രധാന സവിശേഷത.
ഫിക്‌സഡ്-വിംഗ് വിമാനങ്ങളെയും കപ്പൽ വഹിക്കും. വലുതും ഭാരമുള്ളതുമായ വിമാനങ്ങൾ വിക്ഷേപിക്കാൻ ടൈപ്പ് 076-നെ പ്രാപ്തമാക്കും. യുഎസ് നാവികസേനയുടെ ഏറ്റവും പുതിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ്, വൈദ്യുതകാന്തിക കാറ്റപ്പൾട്ട് സംവിധാനമാണ് ഉപയോഗിക്കുന്നത്.
China launches new amphibious assault ship in a race to rival US military















