
ന്യൂയോര്‍ക്ക്: ഇസ്രയേലിന്റെ ഹമാസിനെതിരായ യുദ്ധത്തില്‍ നിരപരാധികളായ പലസ്തീനികള്‍ കൊല്ലപ്പെടുന്നതില്‍ അമേരിക്കയിലെ കോളേജുകളില്‍ പ്രതിഷേധം അലയടിക്കുന്നതിനിടെ ഇതുവരെ 2,000 പേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്.
ഏപ്രില്‍ 17 ന് കൊളംബിയ യൂണിവേഴ്‌സിറ്റിയിലാണ് ആദ്യം പ്രതിഷേധം തുടങ്ങിയത്. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒരു കൂടാര ക്യാമ്പ് ആരംഭിച്ച് സമാധാനപരമായിരുന്നു പ്രതിഷേധം. അവിടെ നിന്നും പിന്നീടത് അമേരിക്കയിലെ വിവിധ യൂണിവേഴ്‌സിറ്റി ക്യാമ്പസുകളിലേക്ക് പടരുകയായിരുന്നു. ഇപ്പോള്‍ 35 കാമ്പസുകളില്‍ ഉടനീളം അറസ്റ്റുകള്‍ നടന്നിട്ടുണ്ടെന്ന് അസോസിയേറ്റഡ് പ്രസ് പറയുന്നു. അതിനിടെ, കൊളംബിയ യൂണിവേഴ്‌സിറ്റി കെട്ടിടത്തില്‍ നിന്ന് പ്രതിഷേധക്കാരെ നീക്കം ചെയ്യുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഹാളിനുള്ളില്‍ വെടിഉതിര്‍ത്തെന്നും എന്നാല്‍, ആര്‍ക്കും പരിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ഏപ്രില്‍ 30 ന് പ്രകടനക്കാര്‍ കൊളംബിയയിലെ ഹാമില്‍ട്ടണ്‍ ഹാള്‍ പിടിച്ചെടുത്തിരുന്നു. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ പോലീസിന്റെ സഹായം തേടിയതിനെത്തുടര്‍ന്ന് ദിവസങ്ങളായി കോളേജ് കാമ്പസുകളില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്.
ഗാസയിലെ യുദ്ധത്തോടുള്ള സമീപനം മാറ്റാനുള്ള വിദ്യാര്‍ത്ഥി പ്രതിഷേധക്കാരുടെ ആഹ്വാനങ്ങള്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിരസിച്ചു. രാജ്യത്തുടനീളമുള്ള കോളേജ് കാമ്പസുകളില്‍ അക്രമ സാഹചര്യം ഉള്ളതിനാല്‍ ക്രമസമാധാനം നിലനില്‍ക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ജനാധിപത്യത്തിന് വിയോജിപ്പ് അത്യന്താപേക്ഷിതമാണ്, എന്നാല്‍ വിയോജിപ്പ് ഒരിക്കലും അക്രമത്തിലേക്ക് നയിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.











