കൊല്ലം: സിപിഎം ലോക്കല്‍ സമ്മേളനങ്ങള്‍ അലങ്കോലപ്പെട്ടതിന് പിന്നാലെ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് പ്രകടനം നടത്തി പാര്‍ട്ടിയിലെ അതൃപ്തര്‍. സേവ് സിപിഎം എന്ന പേരില്‍ വിവിധ ലോക്കല്‍ കമ്മിറ്റികളിലെ അസംതൃപ്തരായ ആളുകളാണ് പ്രകടനം നടത്തിയത്. കൊള്ളക്കാരില്‍ നിന്ന് രക്ഷിക്കൂ എന്ന പ്ലക്കാര്‍ഡുകള്‍ പിടിച്ചായിരുന്നു പ്രതിഷേധം. അന്‍പതോളം പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു.
പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത നേരത്തെ തന്നെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നതായി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. പല സമ്മേളനങ്ങളിലും ഏകപക്ഷീയമായാണ് പാനല്‍ അംഗീകരിച്ചത്. മത്സരം ഉണ്ടായാല്‍ അതില്‍ ജയിക്കുന്നവരെ അംഗീകരിക്കുകയാണ് സമ്മേളനം ചെയ്യേണ്ടത്. അല്ലാതെ ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുകയല്ല വേണ്ടത്. സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടിയെ ഉപയോഗിക്കുകയാണ് പി ആര്‍ വസന്തന്‍ ചെയ്യുന്നത്. ഈ ഏരിയയില്‍ പാര്‍ട്ടിയെ ഇല്ലാതാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. കുറച്ചുകാലം അദ്ദേഹം പാര്‍ട്ടി നടപടി എടുത്തപ്പോള്‍ ഇവിടെ ഐക്യത്തോടെയായിരുന്നു പ്രവര്‍ത്തനം നടന്നതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
ഇന്നലെ നടന്ന കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനവും ആലപ്പാട് നോര്‍ത്ത് സമ്മേളനവും തര്‍ക്കത്തെ തുടര്‍ന്ന് അലങ്കോലപ്പെട്ടിരുന്നു. സംസ്ഥാനസമിതി അംഗങ്ങളായ കെ രാജഗോപാല്‍, കെ സോമപ്രസാദ് എന്നിവരെ സമ്മേളനവേദിയില്‍ പൂട്ടിയിടുന്ന സാഹചര്യം വരെ ഉണ്ടായി. സമ്മേളനത്തില്‍ പാനല്‍ അവതരിപ്പിച്ചതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. പാനല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു എതിര്‍ത്തവരുടെ നിലപാട്. മറ്റുചിലരെക്കൂടി ഉള്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് പൂര്‍ണമായും അംഗീകരിക്കാന്‍ നേതൃത്വം തയ്യാറായില്ല. ഇതോടെയാണ് പ്രതിഷേധമുയര്‍ന്നത്.