കേരളത്തിൽ എൽഡിഎഫ് 3.0 ഉറപ്പെന്ന് സിപിഎം പിബി; മോദി സർക്കാരിന്റെ മണ്ഡല പുനർനിർണ്ണയ നീക്കത്തിന് രൂക്ഷവിമർശനം

കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിലെത്തുമെന്നും ഭരണത്തുടർച്ചയിലൂടെ ചരിത്രം രചിക്കുമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ വിലയിരുത്തി. ഓൺലൈനായി ചേർന്ന പിബി യോഗത്തിൽ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് സാഹചര്യം അവലോകനം ചെയ്ത ശേഷമാണ് ഈ നിഗമനം. കേരളത്തിൽ സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമോ ന്യൂനപക്ഷ ഏകീകരണമോ ഉണ്ടായിട്ടില്ലെന്നും എൽഡിഎഫ് 3.0 ഉറപ്പാണെന്നും യോഗത്തിന് ശേഷം സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി അവകാശപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും യോഗത്തിൽ പങ്കെടുത്തു.

മണ്ഡല പുനർനിർണ്ണയത്തിലൂടെ ലോക്സഭാ സീറ്റുകൾ വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ എം.എ. ബേബി രൂക്ഷമായി വിമർശിച്ചു. പാർലമെന്റിനെ ആർഎസ്എസ് അക്രമികളുടെ ആൾക്കൂട്ടമാക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വനിതാ സംവരണ ബില്ലിന്റെ മറവിൽ രാഷ്ട്രീയ ദുരുദ്ദേശങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. വിമർശിക്കുന്നവരെ വനിതാ സംവരണത്തിന് എതിരാണെന്ന് വരുത്തിതീർക്കാനാണ് ശ്രമമെന്നും, രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്താതെ ഏകപക്ഷീയമായാണ് മോദി സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജമ്മു കശ്മീരിലും അസമിലും ബിജെപിക്ക് എതിരായ വോട്ടുകളെ വെട്ടിമുറിച്ചതുപോലെ ഇന്ത്യയിലുടനീളം മണ്ഡലങ്ങൾ പുനർനിർണ്ണയിച്ച് നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെ പദ്ധതിയെന്ന് സിപിഎം ആരോപിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇത്തരം പ്രഖ്യാപനങ്ങൾ നടത്തുന്നത് ചട്ടലംഘനമാണെന്നും ബേബി ചൂണ്ടിക്കാട്ടി. ഈ നീക്കത്തെ പ്രതിപക്ഷ പാർട്ടികളുമായി ആലോചിച്ച് അതിശക്തമായി നേരിടുമെന്നും പാർലമെന്റിനെ കൈയ്യാങ്കളി വേദിയാക്കാൻ അനുവദിക്കില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി വ്യക്തമാക്കി.

LDF 3.0 certain in Kerala says CPM PB; MA Baby slams seat hike as move to turn Parliament into RSS mob

More Stories from this section

family-dental
witywide