‘ഇന്ത്യ’ മുന്നണി തന്നെ പ്രായോഗികമായി അവസാനിച്ചു, കടുത്ത നിലപാടുമായി ഡിഎംകെ; ടിവികെ സഖ്യത്തിൽ കടുത്ത അതൃപ്തി

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിതമായ വഴിത്തിരിവുകൾക്കൊടുവിൽ ഡിഎംകെ–കോൺഗ്രസ് സഖ്യം വേർപിരിഞ്ഞു. നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) പിന്തുണച്ച് സർക്കാർ രൂപീകരണത്തിന് കോൺഗ്രസ് തയ്യാറായതോടെയാണ് ദേശീയതലത്തിലുള്ള ‘ഇന്ത്യ’ മുന്നണി തന്നെ പ്രായോഗികമായി അവസാനിച്ചതായി ഡിഎംകെ പ്രഖ്യാപിച്ചത്. ദീർഘകാല രാഷ്ട്രീയ കൂട്ടാളിയായ ഡിഎംകെയെ കോൺഗ്രസ് വഞ്ചിച്ചുവെന്ന് മുതിർന്ന നേതാവ് ടി.കെ.എസ്. ഇളങ്കോവൻ രൂക്ഷമായി വിമർശിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരുപാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ, 108 സീറ്റുകൾ നേടിയ ടിവികെയ്ക്ക് അഞ്ച് എംഎൽഎമാരുള്ള കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതാണ് രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിവെച്ചത്.

കോൺഗ്രസിന്റെ ഈ നിലപാടിനെ തുടർന്ന് ഡിഎംകെ എംഎൽഎമാരുടെ അടിയന്തര യോഗം ചേർന്ന് നാല് പ്രധാന പ്രമേയങ്ങൾ പാസാക്കി. കോൺഗ്രസ് പിന്നിൽ നിന്ന് കുത്തിയതാണെന്നും പഴയ രാഷ്ട്രീയ സ്വഭാവം ഇപ്പോഴും മാറിയിട്ടില്ലെന്നും പ്രമേയത്തിൽ ആരോപിച്ചു. ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളോട് കോൺഗ്രസ് സ്വീകരിക്കുന്ന സമീപനമാണ് തമിഴ്‌നാട്ടിൽ ഡിഎംകെയോടും കാണിച്ചതെന്നാണ് പാർട്ടിയുടെ വിമർശനം. മാറുന്ന രാഷ്ട്രീയ സാഹചര്യത്തിൽ തുടർനടപടികൾ തീരുമാനിക്കാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിന് പൂർണ അധികാരം യോഗം നൽകി.

അതേസമയം, സിപിഐ, സിപിഎം, വിസികെ എന്നീ സഖ്യകക്ഷികളുടെ ഭാവി നിലപാടുകളും ചർച്ചയിലുണ്ട്. ഇവർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും ഡിഎംകെ ആരെയും നിർബന്ധിക്കില്ലെന്നും ടി.കെ.എസ്. ഇളങ്കോവൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തുതന്നെ ഡിഎംകെ വിരുദ്ധ പ്രസ്താവനകൾ നടത്തിയ നേതാക്കളെ കോൺഗ്രസ് ഹൈക്കമാൻഡ് നിയന്ത്രിച്ചില്ലെന്നും മറിച്ച് അവരെ സംരക്ഷിക്കുകയായിരുന്നുവെന്നും ഡിഎംകെ ആരോപിക്കുന്നു. വിജയ്‌യുടെ ടിവികെയുമായി കൈകോർക്കാനുള്ള കോൺഗ്രസിന്റെ തീരുമാനം തമിഴ്‌നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാത്രമല്ല, ദേശീയതലത്തിൽ ബിജെപി വിരുദ്ധ മുന്നണിയുടെ ഐക്യത്തെയും ബാധിച്ചിരിക്കുകയാണ്.

More Stories from this section

family-dental
witywide