ഇതു തീ കൊണ്ടുള്ള കളിയാണ്: വെടിക്കെട്ട് അപകടം മനുഷ്യനിർമിതം, ഈ ആധുനിക കാലത്ത് ഇത് നിർത്തേണ്ട സമയം കഴിഞ്ഞു

ആചാരമായാലും ആഘോഷമായാലും വെടിക്കെട്ട് കൂടിയേ തീരൂ എന്ന നിർബന്ധമുള്ള ഒരു ജനതയാണ് കേരളം. തിരുവമ്പാടി ദേവസ്വത്തിനു വേണ്ടി തൃശൂർ പൂര വെടിക്കെട്ട് സാമഗ്രികൾ ഒരുക്കുന്നതിനിടെ ഉണ്ടായ വലിയ ദുരന്തം കേരളത്തെ വലിയ സങ്കടത്തിൽ ആഴ്ത്തിയിരിക്കുകയാണ്. 14 ജീവനുകൾ നഷ്ടപ്പെട്ടു. അതിലേറെ പേർക്ക് ഗുരുതര പൊള്ളലേറ്റു. പലരുടേയും പരിക്ക് അതി ഗുരുതരം. നിരവധി പേർക്ക് അംഗവൈകല്യം സംഭവിച്ചു. എന്തിനായിരുന്നു ഇതൊക്കെ എന്നു നെഞ്ചുപൊട്ടി  ചോദിക്കട്ടെ? പച്ച മനുഷ്യരും മരങ്ങളും നിന്നു കത്തുന്ന കാഴ്ചപോലും സഹിക്കാനോ മറക്കാനോ ആവില്ല. 
വെടിമരുന്നു പൊട്ടിത്തെറിച്ച് നിരവധി മനുഷ്യർ  കേരളത്തിന്റെ മണ്ണിൽ കരിഞ്ഞു വീഴുന്ന സങ്കട കാഴ്ച പല തവണ നാം കണ്ടു കഴിഞ്ഞു. എന്നിട്ടും നമ്മൾ ഒന്നും പഠിച്ചില്ല. ഉഗ്ര സ്ഫോടനത്തിൽ ചിന്നിച്ചിതറിയും ഉരുകി ഒലിച്ചും മനുഷ്യൻ മരിക്കുന്നത്  അതി ഭീകരവും ഭയാനകവുമായ സംഭവമാണ്.. എന്നിട്ടും അറിഞ്ഞുകൊണ്ട് മനുഷ്യരെ മരണത്തിലേക്ക് വലിച്ചടിപ്പിക്കുന്ന ഇത്തരം ഏർപ്പാടുകൾ നിർത്തേണ്ടതല്ലേ എന്നാണ് വലിയ ചോദ്യം. 

വെടിമരുന്നിന്റെ ഉപയോഗവും നിർമാണവും സംഭരണവും അങ്ങേയറ്റം അപകടകരമാണ്. ഈ വെടിക്കെട്ട് എന്ന ആഘോഷ പരിപാടി  മനുഷ്യ ജീവനുകളെ തൃണവത്ഗണിച്ചുകൊണ്ടു നടത്തേണ്ട അത്യാവശ്യ സംഗതിയാണോ? എത്ര നിയമം അനുസരിച്ച് നടത്തുന്ന പരിപാടിയാണെങ്കിലും വെടിക്കെട്ട് എന്ന പരിപാടിയിൽ ആകസ്മികമായ ഒരു അപകടം എപ്പോഴും നിലനിൽക്കുന്നു. കൊടും ചൂടിൽ കേരളം ഉരുകുമ്പോൾ , ഒരു ചെറു തീപ്പൊരി മതി വലിയ വെടിക്കെട്ട് ദുരന്തം ഉണ്ടാകാൻ. വലുതും ചെറുതുമായി നിരവധി അപകടങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. 

പത്തുവർഷംമുൻപ് ഇതുപോലൊരു ഏപ്രിൽമാസത്തിലാണ് കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ കേരളത്തിന്റെ ഹൃദയത്തെ കീറിമുറിച്ച വെടിക്കെട്ടപകടമുണ്ടായത്. ക്ഷേത്രത്തിലെ മീനഭരണിയുത്സവവെടിക്കെട്ടിനിടെ വെടിപ്പുരയ്ക്കു തീപിടിച്ചുണ്ടായ ദുരന്തത്തിൽ 109 പേരാണു മരിച്ചത്; ആയിരത്തിലേറെപ്പേർക്കു പരിക്കേറ്റു. പരിക്കേറ്റവരിൽ പലരും ജീവിതകാലത്തേക്ക് അംഗഭംഗം സംഭവിച്ചവരായി. അതേ ഉത്സവകാലത്തുതന്നെ പിന്നീട് പലേടത്തും വെടിക്കെട്ടുകൾ നടന്നു. അവ ആസ്വദിക്കുന്നതിൽനിന്ന്, പുറ്റിങ്ങലിന്റെ സമീപസ്മരണ ആരെയും തടസ്സപ്പെടുത്തിയില്ല.  20 വർഷം മുമ്പ് പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് സാമഗ്രി ഒരുക്കുന്ന അവസരത്തിലുണ്ടായ അപകടത്തിൽ 7 പേർ മരിച്ചതും കേരളം മറന്നു കഴിഞ്ഞു.  ഈ കഴിഞ്ഞ ഞായറാഴ്ച തമിഴ്നാട്ടിലെ വിരുദനഗർ ജില്ലയിലെ കാട്ടനാർപെട്ടിഗ്രാമത്തിലെ പടക്കനിർമാണ ശാലയിലുണ്ടായ അപകടം 25 ജീവനുകളെയാണ് കവർന്നത്. 

 2024 ഫെബ്രുവരിയിൽ തൃപ്പൂണിത്തുറ ക്ഷേത്രോത്സവത്തിനെത്തിച്ച പടക്കം സൂക്ഷിച്ച കെട്ടിടത്തിൽ ഉഗ്രസ്‌ഫോടനമുണ്ടായതും അതേവർഷം ഒക്ടോബറിൽ കാസർകോട് നീലേശ്വരം കളിയാട്ടത്തിനിടെ പടക്കശേഖരത്തിനു തീപിടിച്ച് ആറുപേർ മരിച്ചതുമൊന്നും നമ്മെ അലോസരപ്പെടുത്തിയില്ല. കൂടുതൽ വലിയ ദുരന്തങ്ങൾക്കായി നാം കാത്തിരിക്കുകയാണോ?  നാം എന്തെങ്കിലും പഠിക്കുമോ? 

ആചാരത്തിന്റെയും ആഘോഷത്തിന്റെയും പേരിലിങ്ങനെ അപായകരമാംവിധം വെടിപൊട്ടിക്കുന്നത് കേരളത്തിലല്ലാതെ മറ്റേതെങ്കിലും പരിഷ്‌കൃതസമൂഹത്തിലുണ്ടോ?  നമ്മുടെ കൊടികെട്ടിയ സംസ്കാരം വെടിക്കെട്ടിന്റെകാര്യത്തിലെത്തുമ്പോൾ മറകെട്ടിയ പ്രാചീനതയായി രൂപാന്തരപ്പെടുന്നത് എന്തുകൊണ്ടാണ് ? 

മനുഷ്യരെ ഈവിധം അതിദാരുണമായ മരണത്തിലേക്കെറിഞ്ഞുകൊടുക്കുന്നത് ഇനിയുമിങ്ങനെ തുടരാനാകില്ല. വെടിക്കെട്ടും അതിനുവേണ്ടിയുള്ള സ്‌ഫോടനസാമഗ്രികളുടെ നിർമാണം, സംഭരണം എന്നിവയും നമുക്ക് ഇനിയും വേണോ എന്ന് ആലോചിക്കണം. നിയമവിധേയമായി നടക്കട്ടെ എന്ന നിലപാടിൽ കാര്യമ്മില്ല. നിയമാനുസാരമാണെങ്കിലും അല്ലെങ്കിലും ഇതു തീക്കളിയാണ്.  നാം ഇതു സമ്പൂർണമായി അവസാനിപ്പിക്കുകയാണ് വേണ്ടത്.

ലേസർ ഷോയിലൂടെ ആകാശത്തു വിരിയുന്ന പൂത്തിരികളാണ് ലോകത്തെങ്ങും ഈ രംഗത്തെ പുതുതരംഗം. ഇത്തരം പുതുമാതൃകകൾ പ്രാവർത്തികമാക്കാൻ നാം സന്നദ്ധത കാണിച്ചേപറ്റൂ. ആചരിക്കാനായാലും ആഘോഷിക്കാനായാലും വെടിപൊട്ടിയേതീരൂവെന്നില്ല.  അനുഭവങ്ങളിൽനിന്നു പാഠമുൾക്കൊള്ളാത്തൊരു ജനതക്ക് നിലനിൽക്കാൻ അർഹതയില്ല.

trissur pooram firework explosion tragedy opinion

More Stories from this section

family-dental
witywide