ഒരു ത്രില്ലർ സിനിമയിൽ എന്നപോലെ ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു വി.ഡി സതീശൻ എന്ന കോൺഗ്രസുകാരന്റെ രാഷ്ട്രീയ ജീവിതം. പലതവണ വിജയവും പദവികളും കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ടു. ഒടുവിൽ 2026 ൽ ടീം യുഡിഎഫിനെ വിജയകിരീടം ചൂടിച്ച ക്യാപ്റ്റനായി. പ്ളേമേക്കറായി. ഇതാണ് വിഡി. നിലപാടുകളിൽ ഒരു തുള്ളി പോലും വെള്ളം ചേർക്കാത്ത , പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന നേതാവ്.
തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം തന്നെ സാധ്യമല്ല എന്ന് തോന്നിയ ഇടത്തിൽ നിന്ന് അടുക്കും ചിട്ടയോടും കൂടി അടിത്തട്ട് മുതൽ പ്രവർത്തിച്ച സതീശൻ 102 സീറ്റുകളുടെ തരംഗത്തിലാണ് യുഡിഎഫിനെ വിജയിപ്പിച്ചത്. 2021 ൽ ഹൈക്കമാൻഡാണ് സതീശനെ പ്രതിപക്ഷ നേതാവായി കൊണ്ടുവന്നത്. പാർട്ടിയിൽ ഗോഡ്ഫാദർമാർ ഇല്ലാതിരുന്ന സതീശന് ആ പദവി കിട്ടുന്നത് തികച്ചും മെറിറ്റിൻ്റെ അടിസ്ഥാനത്തിലായിരുന്നു. കേരളത്തിലെ കോൺഗ്രസിനെ രക്ഷിക്കാനുള്ള മികച്ച ഒറ്റമൂലിയായിരുന്നു വിഡി സതീശൻ. ഹൈ കമാൻഡിൻ്റെ ആ കണക്കുകൂട്ടൽ തെറ്റിയില്ല എന്ന് ഈ തിരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയം കണ്ടാൽ ബോധ്യമാകും.
കെ.എസ്.യു.വിലും യൂത്ത് കോൺഗ്രസിലുമെല്ലാം തിളങ്ങുന്ന നക്ഷത്രമായിരുന്നെങ്കിലും അർഹതപ്പെട്ട കെ.എസ്.യു., യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പദവികളും 2011-ൽ ഉറപ്പിച്ച മന്ത്രിസ്ഥാനവും അദ്ദേഹത്തിന് നഷ്ടമായിട്ടുണ്ട്. 2011-ൽ മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് ലഭിക്കാത്തതിൽ തനിക്ക് വലിയ വിഷമമുണ്ടായതായി അദ്ദേഹംതന്നെ പിൽക്കാലത്ത് തുറന്നുപറഞ്ഞിട്ടുണ്ട്. അത് അദ്ദേഹം വേണ്ടെന്ന് വച്ചതിൻ്റെ പിന്നിലെ ഗ്രൂപ്പുകഥകൾ കോൺഗ്രസിലെ ചിലർക്കെങ്കിലും അറിയാവുന്നതാണ്. അങ്ങനെ ഗ്രൂപ്പില്ലാതെ, ആരുടേയും ശുപാർശ ഇല്ലാതെ, ഒറ്റക്ക് ഒരു നേതാവ് ജനമനസ്സുകളിൽ ഇടം നേടി. ആ നേട്ടത്തെ മറികടക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിനായില്ല. കേരളത്തിലെ ജനതയുടെ മനസ്സിൽ നിന്ന് വിഡിയെ കുടിയിറക്കാൻ ആവില്ല എന്ന് രാഹുൽ ഗാന്ധിക്കും മല്ലികാർജുന ഖാർഗേയ്ക്കും മനസ്സിലായി. പഴയ സിനിമാ ഡയലോഗ് പോലെ ” എന്താണ് എന്ന് അറിയില്ല എല്ലാവർക്കും സതീശനെ ഇഷ്ടമാണ്.. ” തിരഞ്ഞെടുപ്പ് ഫലം വന്ന അന്നു മുതൽ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച ദിനം വരെ ആൾക്കൂട്ടത്തിന്റെ ആ സ്നേഹം അണപൊട്ടിയൊഴുകുന്നത് കേരളം കണ്ടതാണ്.
ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് വി.ഡി. ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഗ്രൗണ്ട് ലെവലിൽ രാഷ്ട്രീയ അടിത്തറയൊരുക്കി മുന്നൊരുക്കം നടത്തിയാണ് ആത്മവിശ്വാസത്തോടെയുള്ള അദ്ദേഹത്തിന്റെ ആ പ്രഖ്യാപനം ഉണ്ടായത് . 100-ലധികം സീറ്റുകൾ നേടി യു.ഡി.എഫ്. അധികാരത്തിൽ വരുമെന്നും ഒരു ഡസനോളം മന്ത്രിമാർ ഇത്തവണ തോൽക്കുമെന്നും പ്രഖ്യാപിച്ചത് അദ്ദേഹംതന്നെ. ആ വാക്കുകളിലെ ആത്മവിശ്വാസം കടമെടുത്താണ് ഓരോ കോൺഗ്രസ് പ്രവർത്തകനും തിരഞ്ഞെടുപ്പിൽ പണിയെടുത്തത്. പറഞ്ഞ ഓരോ വാക്കും മേയ് നാലാം തീയതി ഫലം വന്നപ്പോൾ അക്ഷരംപ്രതി ശരിയായി. അത്ര കിറുകൃത്യമായി കേരളത്തിന്റെ ജന മനസ്സ് വായിക്കാൻ സതീശനു കഴിഞ്ഞിരുന്നു. നുണേശൻ എന്ന് ശത്രുക്കൾ സോഷ്യൽ മീഡിയയിൽ ആർത്തു വിളിച്ചപ്പോഴും സതീശൻ കുലുങ്ങിയില്ല, കടക്ക് പുറത്ത് എന്ന് ആക്രോശിച്ചില്ല.. തൻ്റെ ശരികൾ കേരളം അംഗീകരിക്കുന്ന ദിനം വരും എന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. അതു വരിക തന്നെ ചെയ്തു. പുതിയ ഒരു കേരളം എന്ന സ്വപ്നമാണ് അദ്ദേഹം മുന്നോട്ടു വച്ചിരിക്കുന്നത്. വളരെ പ്രതീക്ഷയോടെയാണ് ജനം അത് കാത്തിരിക്കുന്നത്. വിജയ ലഹരിക്ക് അപ്പുറം പ്രതീക്ഷകളുടെ വലിയ ഒരു ഭാരം അദ്ദേഹത്തെ കാത്തിരിക്കുന്നു. അതെ കേരളം കാത്തിരിക്കുന്നു.
ഗ്രൂപ്പുകളികൊണ്ട് വലഞ്ഞ കോൺഗ്രസിനെ അതിൽ നിന്ന് മോചിപ്പിച്ചതും സതീശനാണ്. ഗ്രൂപ്പ് സമവാക്യങ്ങളല്ല, ജനങ്ങളുടെ തീരുമാനമാണ് വലുത് എന്ന് സതീശൻ തൻ്റെ ജീവിതവും രാഷ്ട്രീയവും കൊണ്ട് തെളിയിച്ചു. കഴിവും നിരന്തരമായ പരിശ്രമവും വിലമതിക്കപ്പെടുന്നു എന്ന തോന്നൽ കേരള രാഷ്ട്രീയത്തിലുണ്ടായി.
രാഷ്ട്രീയ ജീവിതം, വിദ്യാഭ്യാസം
എറണാകുളം ജില്ലയിലെ നെട്ടൂരിൽ (മരട് മുനിസിപ്പാലിറ്റി) വടശ്ശേരി ദാമോദര മേനോന്റെയും വി.വിലാസിനിയമ്മയുടെയും മകനായി 1964 മേയ് 31ന് ജനിച്ചു. നെട്ടൂർ എസ്.വി.യു.പി. സ്ക്കൂളിൽ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് പനങ്ങാടിൽ ഹൈസ്ക്കൂളിൽ ചേർന്നു. നിയമ ബിരുദധാരിയാണ്. രാഷ്ട്രീയത്തിലേക്ക് എത്തുന്നത് വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് . തേവര സേക്രഡ് ഹാർട്ട് കോളേജിലെ ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്നു. എം.ജി, കേരള സർവ്വകലാശാലകളിൽ യൂണിയൻ കൗൺസിലറായി പ്രവർത്തിച്ചിട്ടുണ്ട്. 1986-87 കാലത്ത് എം.ജി സർവ്വകലാശാലാ യൂണിയൻ ചെയർമാനായിരുന്നു. എൻ.എസ്.യു ദേശീയ കമ്മറ്റി സെക്രട്ടറി സ്ഥാനത്തും വി ഡി സതീശൻ പ്രവർത്തിച്ചിട്ടുണ്ട്.
1996-ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ചു. അന്ന് അദ്ദേഹത്തിന് വിജയിക്കാൻ സാധിച്ചില്ല. പിന്നീട് മത്സരിക്കുന്നത് 2001ൽ ആണ്. അന്ന് അദ്ദേഹം വിജയിച്ചു. കെഎം ദിനകരനെ 7,792 വോട്ടിന് തോൽപ്പിച്ചാണ് ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് 2006, 2011, 2016 വർഷങ്ങളിലും പറവൂരിൽ നിന്ന് ജയം ആവർത്തിച്ചു. നാല് തവണ പറവൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ എന്ന പേര് അദ്ദേഹം നിലനിർത്തി.
പന്ത്രണ്ടാം നിയമസഭയിൽ കോൺഗ്രസ് വിപ്പ് സ്ഥാനം വഹിച്ചിട്ടുണ്ട്. സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന പല തരത്തിലുള്ള പ്രസ്താവനകളും നടത്തി മാധ്യമ ശ്രദ്ധനേടി. അന്യസംസ്ഥാന ലോട്ടറിക്കെതിരായ രാഷ്ട്രീയ സംവാദങ്ങളിൽ ഇടപ്പെട്ട് ഭരിക്കുന്നവരുടെ ഉറക്കം കെടുത്തി. എ.ഐ.സി.സി സെക്രട്ടറിയും 2014 ൽ കെ.പി.സി.സി വൈസ് പ്രസിഡണ്ടായും നിയമിതനായി. കഴിഞ്ഞ 5 വർഷം കേരളത്തിന്റെ പ്രതിക്ഷ നേതാവായിരുന്നു. വെറുതെ സർക്കാറിനെ വിമർശിക്കുക എന്നതിലപ്പുറം കാര്യങ്ങൾ വ്യക്തമായി പഠിച്ച ശേഷം മാത്രം അതിനെ കുറിച്ച് സംസാരിക്കുന്നഒരു പ്രതിപക്ഷ നേതാവായിരുന്നു സതീശൻ. അദ്ദേഹത്തിൻ്റെ വ്യക്തതയും കൃത്യമായ ലക്ഷ്യബോധവും അതിനു വേണ്ടി അധ്വാനിക്കാനുള്ള മനസ്സുമാണ് മറ്റുള്ളവരിൽ നിന്ന് സതീശനെ വ്യത്യസ്തനാക്കിയത്.
kerala chief minister congress cm VD Satheesan profile











