ചിക്കാഗോ സിറോ മലബാര്‍ പള്ളിയില്‍ മാർ തോമാശ്ലീഹായുടെ തിരുന്നാളാഘോഷത്തിന്റെ നേതൃത്വം വനിതകള്‍ക്ക്, ജൂലായ് 6ന് കർദിനാൾ മാര്‍ റാഫേല്‍ തട്ടില്‍ ചിക്കാഗോയില്‍

ചിക്കാഗോ: ബെല്‍വുഡിലുള്ള സിറോ മലബാര്‍ കത്തീഡ്രലില്‍ ആരംഭിക്കുന്ന വി.തോമാശ്ളീഹയുടെ ദുക്റാന തിരുന്നാളാഘോഷത്തിനാണ് ഇത്തവണ വനിതകള്‍ നേതൃത്വം വഹിക്കുന്നത്. ബീന വള്ളിക്കളം, നിഷാ മണി, ലത കൂള, റോസ് വടകര, സുജിമോള്‍ ചിറയില്‍, അലിഷ്യ ജോര്‍ജ്, ആൻ വടക്കുംച്ചേരി എന്നിവരുടെ നേതൃത്വത്തിലുള്ള വനിതകളാണ് തിരുന്നാള്‍ ആഘോഷം നിയന്ത്രിക്കുക. സ്ത്രീശക്തിക്ക് ബെല്‍വുഡ് സിറോ മലബാര്‍ കത്തീഡ്രല്‍ ഇത്തവണ മാതൃകയാവുകയാണ്.

തിരുന്നാളാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാന്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ജൂലൈ 6ന് ചിക്കാഗോയില്‍ എത്തുന്നു എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.ബിഷപ് മാര്‍ ജോയി ആലപ്പാട്ടിന്റെ ക്ഷണം സ്വീകരിച്ചാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് ഇത്തവണ ചിക്കാഗോയില്‍ എത്തുന്നത്.

സഭാദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിനു ശേഷം ആദ്യമായാണ് വടക്കെ അമേരിക്കയിലെ സഭാ അംഗങ്ങളെ കാണാന്‍ മാര്‍ റാഫേല്‍ തട്ടില്‍ എത്തുന്നത്. അതിനാല്‍ തന്നെ വലിയ സ്വീകരണ പരിപാടികളാണ് സഭാ വിശ്വാസികള്‍ ഒരുക്കിയിരിക്കുന്നത്. സ്വീകരണത്തിനു ശേഷം 10.30ന് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി ഉണ്ടാകും. ദിവ്യ ബലിയ്ക്ക് ശേഷം പാരിഷ് ഹാളിൽ അനുമോദന യോഗവും എല്ലാവർക്കും സ്നേഹവിരുന്നും നടക്കും. വൈകിട്ട് 5 മണിയക്ക് വികാരി ജനറൽ മോൺ. തോമസ് മുളവനാലിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിക്ക് ശേഷം 7 മണിക്ക് ആരംഭിക്കുന്ന പ്രസുദേന്തി നൈറ്റ് പ്രമുഖ സംഗീത സംവിധായകൻ ഔസേപ്പച്ചന്റെ നേതൃത്വത്തിൽ മൂന്നൂറിലധികം സംഗീതജ്ഞർ ഉൾകൊള്ളുന്ന സംഗീതസന്ധ്യയോടെ ആരംഭിക്കും. വൈവിധ്യമാർന്ന കലാരൂപങ്ങളും അന്നേ ദിവസം അരങ്ങേറുന്നു. 

      മുഖ്യ തിരുന്നാൾ ദിനമായ ജൂലൈ 7 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ തിരുന്നാൾ കുർബാന ഉണ്ടാകും. തുടർന്ന് ഭക്തിസാന്ദ്രമായ പട്ടണ പ്രദക്ഷിണവും കരിമരുന്ന് പ്രകടനവും ചിക്കാഗോയ്ക്ക് ആവേശമാകും. സഭാദ്ധ്യക്ഷന്റെ സാന്നിധ്യം ഉള്ളതുകൊണ്ടുതന്നെ വമ്പിച്ച പരിപാടികളാണ് ഇടവക വിശ്വാസികള്‍ ഇത്തവണ ഒരുക്കിയിരിക്കുന്നത്. 

തിരുനാളിന്റെ ഭാഗമായി ജൂൺ മാസം 28 മുതൽ ജൂലൈ മാസം 6 വരെ എല്ലാ ദിവസവും വി. തോമാ ശ്ലീഹായുടെ നൊവേന ഉണ്ടാകും. ജൂൺ 30ന് വൈകിട്ട് 5 മണിക്ക് രൂപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ടിന്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ് നടക്കുന്നതോടെ തിരുന്നാള്‍ ആഘോഷത്തിന് തുടക്കമാകും.

മെത്രാഭിഷേകത്തിന്റെയും രൂപതാ സ്ഥാപനത്തിന്റെയും ഓർമ്മ ദിവസമായ ജൂലൈ ഒന്നിന് ബിഷപ്പ് മാർ ജേക്കബ്ബ് അങ്ങാടിയത്തിന്റെ മുഖ്യ കാർമികത്വത്തിൽ വൈകിട്ട് 7 മണിക്ക് ദിവ്യബലി ഉണ്ടായിരിക്കും. 
വി. തോമാ ശ്ലീഹായുടെ ദുക്റാന തിരുന്നാളായ ജൂലൈ 3ന് ഇടവക വൈദികനായ ഫാ. ജോർജ് പാറയിലിന്റെ മുഖ്യകാർമികത്വത്തിൽ ഇംഗ്ലിഷിലുള്ള റാസ കുർബാന ഉണ്ടായിരിക്കും. 

ജൂലൈ 4ന് മാർ ജേക്കബ്ബ് അങ്ങാടിയത്തിന്റെ മുഖ്യ കാർമികത്വത്തിൽ മലയാളത്തിലുള്ള റാസ കുർബാനയ്ക്ക് വികാരി ജനറൽ ഫാ. ജോൺ മേലേപ്പുറം, പ്രെക്യുറേറ്റർ ഫാ: കുരിയൻ നെടുവിലിച്ചാലുങ്കൽ, പ്രൊ ചാൻസലർ ഫാ: ജോൺസൺ സേവ്യർ എന്നിവർ സഹകാർമികരായിരിക്കും. 

   ജൂലൈ 5 ന് വൈകിട്ട് 5 മണിക്ക് രുപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ടിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ആഘോഷമായ വിശുദ്ധ ബലിക്ക് ശേഷം വർണവൈവിധ്യമായ കലാപരിപാടികളോടു കൂടി സിറോ മലബാർ നൈറ്റ് അരങ്ങേറും. തിരുന്നാളിന്റെ വിജയത്തിനായി നിരവധി കമ്മറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ബിജി സി മാണി , വിവിഷ് ജേക്കബ്ബ് , ബോബി ചിറയിൽ, സന്തോഷ് കാട്ടൂക്കാരൻ , ഡേവിഡ് ജോസഫ്, ഷാരോൺ തോമസ് എന്നിവരും തിരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. മാർ തോമാ ശ്ലീഹായുടെ തിരുന്നാളിൽ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് ഇടവക വികാരി ഫാ : തോമസ് കടുകപ്പിള്ളിയും, സഹ വികാരി ഫ: ജോയൽ പയസും അഭ്യര്‍ത്ഥിച്ചു.

Feast day celebration at syro malabar church Chicago

Also Read