പട്ടിണിയാണ് കൊടുംപട്ടിണി, വിമാനങ്ങളിലെത്തിക്കുന്ന ഭക്ഷണപ്പൊതിക്കായി കാത്തിരുന്ന് ഗാസ

ജറുസലേം: ഇസ്രായേല്‍-ഹമാസ് യുദ്ധം കൊടുംപിരി കൊണ്ടിരിക്കെ ഗാസ പട്ടിണിയില്‍ നിന്നും കൊടുംപട്ടിണിയിലേക്ക് വഴുതി വീണുകൊണ്ടിരിക്കുകയാണ്. ഇന്നലെയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളുടെ നേതൃത്വത്തിലാണ് ഭക്ഷണപ്പൊതികള്‍ എയര്‍ഡ്രോപ് ചെയ്ത് ഗാസയുടെ വിവിധ പ്രദേശങ്ങളിലെത്തിച്ചത്.

സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം എപ്പോഴാണ് ഭക്ഷണം എത്തുന്നതെന്നറിയാന്‍ വിമാനങ്ങളുടെ ശബ്ദം കാതോര്‍ത്തിരിക്കുന്ന ദാരുണമായ കാഴ്ചയാണ് ഗാസയില്‍ ഉടനീളമുള്ളത്. അഞ്ച് മാസത്തിലേറെയായി ക്ഷാമം നേരിടുന്ന ഗാസയുടെ വടക്ക് ഭാഗത്താണ് ഞായറാഴ്ച ഏറ്റവും പുതിയ എയര്‍ഡ്രോപ്പ് വഴി ഭക്ഷണം എത്തിച്ചത്.

ഗാസയുടെ വടക്കന്‍ ഭാഗങ്ങളില്‍ ആറ് സംയുക്ത എയര്‍ഡ്രോപ്പുകള്‍ ഉള്‍പ്പെടുന്ന ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ യുഎസ്, ഫ്രഞ്ച്, ബെല്‍ജിയന്‍, ഈജിപ്ഷ്യന്‍ വിമാനങ്ങളും പങ്കെടുത്തതായി ജോര്‍ദാന്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ജോര്‍ദാന്‍ ഒറ്റയ്ക്ക് 37 എയര്‍ഡ്രോപ്പ് ഓപ്പറേഷനുകളും മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് 40 എയര്‍ഡ്രോപ്പുകളും നടത്തിയതായും സൈന്യം അറിയിച്ചു.

ഗാസയിലെ 2.4 മില്യണ്‍ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും പട്ടിണിയുടെ വക്കിലാണ്, പ്രത്യേകിച്ച് ഇസ്രായേല്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച വടക്കന്‍ പ്രദേശങ്ങള്‍. മാത്രമല്ല, പ്രദേശത്തെ ആരോഗ്യ മന്ത്രാലയം പറയുന്നതനുസരിച്ച് കുറഞ്ഞത് 23 പേരെങ്കിലും പോഷകാഹാരക്കുറവും നിര്‍ജ്ജലീകരണവും മൂലം അടുത്തിടെ മരിച്ചിട്ടുണ്ട്. ഇവരില്‍ മിക്കവാറും എല്ലാവരും കുട്ടികളാണ് ദാരുണമരണത്തിനിരയായിരിക്കുന്നത്. അടിസ്ഥാന മാനുഷിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമായ സാധനങ്ങളുടെ ഒരു ഭാഗം മാത്രമേ ഒക്ടോബര്‍ മുതല്‍ ഗാസയിലേക്ക് അനുവദിച്ചിട്ടുള്ളൂവെന്ന് ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നവരും ചൂണ്ടിക്കാട്ടുന്നു.

ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രായേലില്‍ ഹമാസിന്റെ ആക്രമണത്തിന് മറുപടി പറയാനെത്തിയ ഇസ്രയേല്‍ ഇതുവരെ ഗാസയില്‍ കൊന്നൊടുക്കിയത് 31,045 ലധികം പേരെയാണ്.

More Stories from this section

family-dental
witywide