വിശന്നു വലഞ്ഞ് ഗാസ; പച്ചില ഭക്ഷിച്ച് പലസ്തീൻ ജനത; യുദ്ധക്കെടുതിക്കിടെ ജീവൻ നിലനിർത്താൻ ഖൊബീസ

ഗാസ: ഹമാസിനെ നശിപ്പിക്കാനുള്ള ഇസ്രായേൽ സൈനിക കാമ്പയിൻ വടക്കൻ ഗാസയെ പൂർണമായി തകർത്തു. കെട്ടിടങ്ങൾ അവശിഷ്ടങ്ങളാക്കി മാറ്റി. പാലായനം ചെയ്യുന്ന ജനതയ്ക്ക് വിശപ്പടക്കാൻ ഭക്ഷണമില്ല. കടകൾ അടച്ചു, മാർക്കറ്റുകൾ കാലിയായി, യുദ്ധം മൂലം സാധനങ്ങൾ എത്തുന്നത് നിന്നു. നിലവിൽ തങ്ങളുടെ വീടുകൾക്ക് സമീപം വളരുന്ന ഖൊബീസ എന്ന പച്ചില കഴിച്ചാണ് ഗാസയിലെ ജനത വിശപ്പടക്കുന്നത്. ഭക്ഷണ സാധനങ്ങളുടെ ലഭ്യത കുറവും താങ്ങാനാവാത്ത വിലയും മൂലം കഷ്ടപ്പെടുന്ന ഇവിടുത്തുകാർക്ക് ഖൊബീസയ്ക്കൊപ്പം കുറച്ചു ചേരുവകൾ മാത്രം ചേർത്ത് പാകം ചെയ്യാനും കഴിയുന്നു.

ലോകത്തിലെ മറ്റാരെക്കാൾ തങ്ങളെ സഹായിച്ചത് ഖൊബീസയാണെന്ന് ടെലെഗ്രാഫിനോട്‌ ടെലിഫോൺ വഴി സംസാരിച്ച പലസ്തീൻ സ്വദേശിയായ അമീൻ അബീദ് പറഞ്ഞു. യുദ്ധക്കെടുതിയിലും കൊടും പട്ടിണിയിലും ഖൊബീസ മാത്രം കഴിച്ച് ജനങ്ങൾ ജീവൻ നിലനിർത്തി. ചീരയ്ക്കും കെയ്‌ലിനും സമാനമായ രുചിയാണ് ഖൊബീസയ്ക്ക്. കടും പച്ചനിറത്തിലുള്ള ഈ ചെടിയാണ് യുദ്ധക്കെടുതിക്ക് നടുവിലും ജീവൻ നിലനിർത്താൻ സഹായിക്കുന്നതെന്ന് അമീൻ പറയുന്നു. 

ശൈത്യകാലത്തെ ആദ്യത്തെ മഴയ്ക്ക് ശേഷം റോഡരികിലും  ഒഴിഞ്ഞ പറമ്പുകളിലും വീട്ടുമുറ്റത്തും ചെളിയിലും മുട്ടോളം വലിപ്പത്തിൽ വളരുന്ന ഒരു ചെടിയാണിത്. ഒലിവ് ഓയിലിൽ ഉള്ളി കൂടി ചേർത്ത് ഈ ചെടിയുടെ സൂപ്പ് ഉണ്ടാക്കിയാണ് ഇവർ കഴിക്കുന്നത്. കൊടും പട്ടിണിയെ പ്രതിരോധിക്കാനുള്ള ഏറ്റവും ചെലവ് കുറഞ്ഞ വഴിയാണ് ഇന്ന് ഗാസയിലെ ജനങ്ങൾക്ക് ഈ സൂപ്പ്. മറ്റു ചേരുവകൾ ഇല്ലാതാകുമ്പോൾ തിളച്ച വെള്ളത്തിൽ വേവിച്ച് സൂപ്പാക്കിയാണ് ആളുകൾ ഇത് കഴിക്കുന്നത്. ഇതുവഴി കുറച്ചു ഖൊബീസ ഉപയോഗിച്ച് നിരവധി പേരുടെ വിശപ്പടക്കാൻ കഴിയും.  

ഇസ്രായേൽ പലസ്തീനുമേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങൾ കാരണം ഐക്യരാഷ്ട്രസഭ അടക്കമുള്ള സന്നദ്ധ സംഘടനകൾക്ക് 22 ലക്ഷം മാത്രം വരുന്ന ഗാസയിലെ ജനസംഖ്യയുടെ വിശപ്പടക്കാനുള്ള ഭക്ഷണം എത്തിക്കാനാാവുന്നില്ല. പോഷകാഹാരം ലഭിക്കാതെയുള്ള മരണങ്ങൾ ഈ മേഖലയിൽ കൂടുകയാണ്. ഇവിടുത്തെ ആരോഗ്യസ്ഥിതി സംബന്ധിച്ചു വിവിധ അന്താരാഷ്ട്ര സംഘടനകൾ ആശങ്ക അറിയിച്ചിട്ടും കാര്യമായൊന്നും സംഭവിച്ചില്ല. 

More Stories from this section

family-dental
witywide