
കൽപ്പറ്റ: കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട് ദുരന്ത മേഖലയിലെ വിദഗ്ധ സംഘത്തിന്റെ പരിശോധന പൂർത്തിയായി. ഉരുൽപൊട്ടൽ ദുരന്തത്തിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് ഇപ്പോഴും അപകട സാധ്യത നിലനിൽക്കുന്നുവെന്നാണ് പരിശോധനക്ക് നേതൃത്വം നൽകി ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായി പറഞ്ഞത്. സുരക്ഷിതമല്ലാത്ത മേഖലയാണ് പുഞ്ചിരിമട്ടമെന്നും ഭാവിയിലും ഉരുൾപൊട്ടൽ അപകട സാധ്യത ഇവിടെ നിലനിൽക്കുന്നതായും ജോൺ മത്തായി വിവരിച്ചു. പുഞ്ചിരിമട്ടത്ത് നദിയോട് ചേർന്ന് വീടുകൾ ഇരിക്കുന്ന ഭാഗം ആപൽക്കരമായ സാഹചര്യമാണ്. അവിടെ താമസിക്കാതിരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാവിയിൽ ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യത കൂടുതലാണെന്നും ജോൺ മത്തായി വിവരിച്ചു.
എന്നാൽ ചൂരൽമല ഭാഗത്ത് അത്രത്തോളം പ്രശ്നങ്ങളില്ല. ഭൂരിഭാഗം സ്ഥലങ്ങളും ഇനിയും വാസയോഗ്യമാണെന്ന് ജോൺ മത്തായി വ്യക്തമാക്കി. ഇവിടെ ഇനി നിർമ്മാണ പ്രവർത്തനം വേണോ എന്നത് സർക്കാർ നയപരമായ തീരുമാനം എടുക്കേണ്ട കാര്യമാണ്. പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെ പരിശോധന നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. 8 കിലോമീറ്റർ ദൂരത്തിൽ ദുരന്തമുണ്ടാകാൻ കാരണം ഉരുൾപൊട്ടി സീതമ്മക്കുണ്ടിൽ ഡാം പോലുണ്ടായതാണെന്നും അദ്ദേഹം പറഞ്ഞു. വനപ്രദേശത്ത് ആയത് കൊണ്ട് മരങ്ങൾ കൂടി താഴേക്ക് പതിച്ചത് ആഘാതം കൂട്ടി. ഉരുൾപൊട്ടിയത് എങ്ങനെ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചതായും അദ്ദേഹം പറഞ്ഞു. സുരക്ഷിതവും സുരക്ഷിതവുമല്ലാത്ത മേഖലകളെ ചൂണ്ടിക്കാണിച്ച് സർക്കാരിന് ഉടനെ തന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്നും ജോൺ മത്തായി വ്യക്തമാക്കി.
ഉരുൾ പൊട്ടൽ മേഖലയിൽ ഉണ്ടായത് ശക്തമായ മഴയായിരുന്നു. മൂന്നു ദിവസം കൊണ്ട് 570 മില്ലീമീറ്റർ മഴയുണ്ടായെന്നും വിദഗ്ധ സംഘം പറഞ്ഞു. ഇതിന് മുമ്പ് മൂന്ന് തവണ സമാനമായ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. എട്ടു കിലോമീറ്റർ ദൂരത്തിൽ ദുരന്തമുണ്ടാകാൻ കാരണം ഉരുൾപൊട്ടി സീതമ്മക്കുണ്ടിൽ താൽക്കാലിക ഡാം പോലുണ്ടായതാണ്. ആ ജലസംഭരണി പൊട്ടി ഒലിച്ചത് കൊണ്ടാണ് ഇത്ര വലിയ ദുരന്തം ഉണ്ടായത്. പരിശോധയുടെ പ്രാഥമിക റിപ്പോർട്ട് പത്ത് ദിവസത്തിനകം നൽകുമെന്ന് ജോൺ മത്തായി വ്യക്തമാക്കി. ദേശീയ ഭൗമ ശാസ്ത്ര കേന്ദ്രത്തിലെ ആറ് അംഗസംഘമാണ് ദുരന്തമേഖല പരിശോധിച്ചത്.













