
വാഷിംഗ്ടണ്‍: ഡോണള്‍ഡ് ട്രംപിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള കാമ്പയിന്‍ വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിച്ച് എഫ്ബിഐ. ട്രംപിന്റെ ഇ-മെയിലുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായും കാമ്പയിന്‍ വിവരങ്ങളും പ്രധാനപ്പെട്ട ചില രേഖകളും ചോര്‍ന്നതായും ട്രംപ് കാമ്പയിന്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അന്വേഷണം ആരംഭിക്കുകയാണെന്ന് എഫ്ബിഐ സ്ഥിരീകരിച്ചത്.
വിവരങ്ങള്‍ ചോര്‍ത്തിയതിനും തന്ത്രപ്രധാനമായ പല രേഖകളും മോഷ്ടിച്ചതിനും പിന്നില്‍ ഇറാന്‍ ആണെന്നും പ്രസിഡന്‍ഷ്യല്‍ കാമ്പയിന്‍ ആരോപിച്ചിരുന്നു. അതേസമയം ഇറാന്റെ സാന്നിധ്യമുണ്ടെന്നതിന് വ്യക്തമായ തെളിവുകളൊന്നും കാമ്പയിന്‍ നല്‍കിയിട്ടില്ല. എന്നാല്‍, വരാനിരിക്കുന്ന യുഎസ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിദേശ ഏജന്റുമാര്‍ ഇടപെടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് മൈക്രോസോഫ്റ്റ് പുറത്ത് വിട്ടതിന് പിന്നാലെയാണ് ട്രംപ് കാമ്പയിന്റെ ആരോപണം ഉയര്‍ന്നത്. അമേരിക്കയിലെ മുതിര്‍ന്ന മുന്‍ ഉപദേഷ്ടാവിന്റെ ഇമെയില്‍ ഹാക്ക് ചെയ്ത് പ്രസിഡന്‍ഷ്യല്‍ കാമ്പയിനിലെ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന് ജൂണില്‍ ഇറാനിയന്‍ മിലിട്ടറി ഇന്റലിജന്‍സ് യൂണിറ്റ് ഒരു സ്പിയര്‍-ഫിഷിങ് ഇമെയില്‍ അയച്ച സംഭവത്തെക്കുറിച്ചും പ്രസിഡന്‍ഷ്യല്‍ കാമ്പയിന്‍ വെളിപ്പെടുത്തിയിരുന്നു.
അതേസമയം, അമേരിക്കയോട് ശത്രുതയുള്ള വിദേശ സ്രോതസുകളാണ് ഇ-മെയില്‍ ഹാക്ക് ചെയ്തതെന്ന് ട്രംപ് പ്രചാരണ വക്താവ് സ്റ്റീവന്‍ ചിയുങ്ങും പ്രതികരിച്ചു. അമേരിക്കയില്‍ നടക്കുന്നതുള്‍പ്പെടെ ലോകമെമ്പാടുമുള്ള തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാന്‍ ഇറാന്‍ ശ്രമിക്കുന്നു എന്ന ആശങ്ക ഉയര്‍ത്തി, കുറച്ചുകാലമായി ഞങ്ങള്‍ ഉന്നയിക്കുന്ന കാര്യമാണിതെന്ന് വൈറ്റ് ഹൗസിന്റെ ദേശീയ സുരക്ഷാ കമ്മ്യൂണിക്കേഷന്‍സ് ഉപദേഷ്ടാവ് ജോണ്‍ കിര്‍ബി തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യുഎസ് തെരഞ്ഞെടുപ്പില്‍ ഇടപെടാനുള്ള ഏറ്റവും പുതിയ ശ്രമങ്ങള്‍ ഇറാനിയന്‍ ഭരണകൂടത്തിന് പുതുമയുള്ള കാര്യമല്ലെന്നും ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താന്‍ വര്‍ഷങ്ങളായി ശ്രമിക്കുന്നുവെന്നും കിര്‍ബി പറഞ്ഞു.
ബൈഡന്‍- ഹാരിസ് കാമ്പയിനും ഹാക്കര്‍മാര്‍ ഭീഷണിയാണെന്ന മുന്നറിയിപ്പും നേരത്തെ എത്തിയിരുന്നു. ”ഞങ്ങളുടെ കാമ്പെയ്ന്‍ സൈബര്‍ ഭീഷണികളെ ജാഗ്രതയോടെ നിരീക്ഷിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്നു, ഞങ്ങളുടെ സിസ്റ്റങ്ങളുടെ സുരക്ഷാ ലംഘനങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ല’ എന്നാണ് ഹാരിസ് കാമ്പെയ്ന്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ആരോപണങ്ങള്‍ ഇറാന്‍ നിഷേധിച്ചിട്ടുണ്ട്. യുഎസ് സര്‍ക്കാര്‍ പരസ്യമായോ ഔദ്യോഗികമായോ ഇറാനെതിരെ വിരല്‍ ചൂണ്ടിയിട്ടില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ഇറാനിയന്‍ ഗവണ്‍മെന്റിന് യാതൊരു ഉദ്ദേശവും ഇല്ലെന്നും ഇറാന്‍ വ്യക്തമാക്കി.
ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ഭീഷണി സൃഷ്ടിക്കാനും നവംബറിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഎസില്‍ സാമൂഹിക ഭിന്നത വര്‍ദ്ധിപ്പിക്കുന്നതിനുമായി ഇറാന്‍ നടത്തുന്ന രഹസ്യ സോഷ്യല്‍ മീഡിയ കാമ്പെയ്നിനെക്കുറിച്ച് യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ മാസം മുന്നറിയിപ്പ് നല്‍കിയിരുന്നു.















