
തിരുവനന്തപുരം: തനിക്കെതിരെ എസ്എഫ്ഐ തുടരുന്ന പ്രതിഷേധങ്ങളില്‍ രൂക്ഷ ഭാഷയില്‍ വിമര്‍ശനവുമായി സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ചാന്‍സലര്‍ കൂടിയായ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്ഐ അവരുടെ സംസ്‌കാരമാണ് കാണിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. അതേസമയം, തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം വച്ച് എസ്എഫ്ഐക്കാർ വീണ്ടും ഗവർണറെ കരിങ്കൊടി കാണിച്ചു.
സിപിഎമ്മുകാര്‍ കണ്ണൂരില്‍ കൊലപാതകങ്ങള്‍ നടത്തിയവരാണെന്നും തന്റെ കോലം കത്തിച്ചതിൽ അദ്ഭുതമില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
“എന്റെ കോലം മാത്രമാണ് അവര്‍ കത്തിച്ചത്. കണ്ണൂര്‍ ജില്ലയില്‍ ഒട്ടേറെ ആളുകളെ അവര്‍ കത്തിച്ചിട്ടുണ്ട്, കൊലപ്പെടുത്തിയിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിലും അവര്‍ നിരവധിപ്പേരെ കൊലപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ എന്റെ കോലം കത്തിച്ചത് വലിയ കാര്യമല്ല,” അദ്ദേഹം പറഞ്ഞു.
കണ്ണൂർ പയ്യാമ്പലം ബീച്ചിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ‘പാപ്പാഞ്ഞി’ മാതൃകയിലുള്ള കോലം കത്തിച്ച് എസ്എഫ്ഐ പ്രതിഷേധിച്ചത്. വൈക്കോലും വെള്ളത്തുണിയും കൊണ്ടു നിർമിച്ച, 30 അടി ഉയരമുള്ള കോലമാണു കത്തിച്ചത്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പിന്തുണയോടെയാണ് ഇതെല്ലാമെന്നും ഗവര്‍ണര്‍ പറഞ്ഞു. ആക്രമണം നടത്തിയവരെ മുഖ്യമന്ത്രി തന്നെ പിന്തുണയ്ക്കുകയാണ്. ഇത് മുഖ്യമന്ത്രിയുടെ പങ്കാണ് സൂചിപ്പിക്കുന്നത്. ബില്ലുകളിൽ വ്യക്തത വരുത്തിയാൽ ഒപ്പിടുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.















