മുംബൈ: വമ്പൻ ഭൂരിപക്ഷത്തോടെ ജയിച്ചുകയറിയ മഹായൂതി സഖ്യത്തിന്റെ മഹാരാഷ്ട്രയിലെ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ കടുത്ത പ്രതിസന്ധിയിൽ. കാവല്‍ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെ അപ്രതീക്ഷിതമായി ജന്മനാട്ടിലേക്ക് പോയതോടെ, ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന മഹായൂതി യോഗം റദ്ദാക്കി. വകുപ്പു വിഭജനവുമായി ബന്ധപ്പെട്ട അതൃപ്തിയാണ് ഷിന്‍ഡെയുടെ പെട്ടെന്നുള്ള യാത്രയ്ക്കു പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഏക്‌നാഥ് ഷിന്‍ഡെ, ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവര്‍ ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ പി നഡ്ഡ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷം മുംബൈയില്‍ മടങ്ങിയെത്തിയ നേതാക്കള്‍, തുടര്‍ചര്‍ച്ചകള്‍ തുടരാന്‍ തീരുമാനിച്ചിരുന്നു.
ഷിന്‍ഡെ നാട്ടില്‍ നിന്നും മടങ്ങി വന്നശേഷം ഞായറാഴ്ച മഹായുതി സഖ്യ നേതാക്കളുടെ ചര്‍ച്ച നടന്നേക്കുമെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡല്‍ഹിയില്‍ കൂടിക്കാഴ്ചകള്‍ക്ക് ശേഷം ചര്‍ച്ചകള്‍ പോസിറ്റീവ് ആണെന്നും, മുഖ്യമന്ത്രിയെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും, പ്രധാനമന്ത്രിയും അമിത് ഷായും തീരുമാനം കൈക്കൊള്ളുമെന്നും ഏക്‌നാഥ് ഷിന്‍ഡെ അഭിപ്രായപ്പെട്ടിരുന്നു.
മുഖ്യമന്ത്രി പദം വിട്ടു കൊടുക്കുന്നതിന് പകരമായി, ഉപമുഖ്യമന്ത്രി പദം മകന്‍ ശ്രീകാന്ത് ഷിന്‍ഡെയ്ക്ക് നല്‍കണമെന്ന ഷിന്‍ഡെയുടെ ആവശ്യം ബിജെപി നിരാകരിച്ചിരുന്നു. ആഭ്യന്തരം, നഗരവികസനം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ വേണമെന്നും ഷിന്‍ഡേ ശിവസേന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മുന്‍മുഖ്യമന്ത്രി കൂടിയായ ദേവേന്ദ്ര ഫഡ്‌നാവിസിനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്നത്.