
ലോസ് ആഞ്ചലസ്: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ പരാഗ്വെയ്‌ക്കെതിരെ യു.എസ്.എയ്ക്ക് തകർപ്പൻ തുടക്കം. ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിൽ നടക്കുന്ന ആവേശകരമായ മത്സരത്തിൻ്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ആതിഥേയരായ അമേരിക്ക എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മുന്നിലാണ്. ഫൊലാരിൻ ബലോഗണിൻ്റെ ഇരട്ട ഗോളും പരാഗ്വേ താരത്തിൻ്റെ സെൽഫ് ഗോളുമാണ് യു.എസിന് കൂറ്റൻ ലീഡ് സമ്മാനിച്ചത്.
മത്സരത്തിൻ്റെ തുടക്കം മുതൽ കളം നിറഞ്ഞു കളിച്ച അമേരിക്ക ഏഴാം മിനിറ്റിൽ തന്നെ ലീഡെടുത്തു. യു.എസ് താരം വെസ്റ്റൺ മക്കെന്നിയുടെ മുന്നേറ്റത്തിനൊടുവിൽ പരാഗ്വേ മിഡ്ഫീൽഡർ ഡാമിയൻ ബോബഡില്ലയുടെ പിഴവിലാണ് ആദ്യ ഗോൾ പിറന്നത്. ലോകകപ്പ് ചരിത്രത്തിൽ യു.എസ്.എ നേടുന്ന ഏറ്റവും വേഗതയേറിയ ഗോളാണിത്.
തുടർന്നും ആക്രമണം അഴിച്ചുവിട്ട അമേരിക്കയ്ക്കായി 31-ാം മിനിറ്റിൽ സൂപ്പർ താരം ക്രിസ്റ്റ്യൻ പുലിസിച്ചിൻ്റെ അസിസ്റ്റിൽ നിന്നും ഫൊലാരിൻ ബലോഗൺ രണ്ടാം ഗോൾ നേടി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ (45+5′ മിനിറ്റ്) തകർപ്പൻ ഇടംകാലൻ ഷോട്ടിലൂടെ ബലോഗൺ വീണ്ടും വലകുലുക്കിയതോടെ പരാഗ്വേ പൂർണ്ണമായും പ്രതിരോധത്തിലായി.
ആദ്യ പകുതിയിൽ 75 ശതമാനത്തിലധികം പന്തടക്കവുമായി യു.എസ്.എ പൂർണ്ണ ആധിപത്യം പുലർത്തി. പാരഗ്വായ് ഗോൾപോസ്റ്റിലേക്ക് യുഎസ്എ 8 ഷോട്ടുകൾ ഉതിർത്തപ്പോൾ, അവർക്ക് വെറും 2 ഷോട്ടുകൾ മാത്രമാണ് പായിക്കാനായത്.
USA crush Paraguay in first half; Balogun scores twice (3-0)















