‘ശ്രീലങ്കയെ കോപ്പിയടിച്ച് പണമുണ്ടാക്കുന്നു’; മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ പരിഹസിച്ച് മാലിദ്വീപ് മന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെ പരിഹസിച്ച് മാലിദ്വീപ് മന്ത്രിയുടെ പരാമര്‍ശം എത്തിയതോടെ മറ്റൊരു വിവാദത്തിന് തുടക്കം കുറിച്ചു. ‘ഇന്ത്യയെപ്പോലുള്ള ഒരു വലിയ രാജ്യം ശ്രീലങ്ക പോലുള്ള ഒരു ചെറിയ സമ്പദ് വ്യവസ്ഥയെ പകര്‍ത്തി പണമുണ്ടാക്കാന്‍ ശ്രമിക്കുന്നത് വളരെ സങ്കടകരമാണ്, എന്നാണ് മാലിദ്വീപ് മന്ത്രി സാഹിദ് റമീസ് എക്സില്‍ എഴുതിയത്.

പ്രധാനമന്ത്രി മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന്റെയും സ്‌നോര്‍ക്കെല്ലിങ്ങിന്റെയും ചിത്രങ്ങള്‍ വലിയ രീതിയില്‍ ജനശ്രദ്ധ നേടിയിരുന്നു. പ്രധാനമന്ത്രി മോദിയുടെ നീക്കം മാലിദ്വീപിന് വലിയ തിരിച്ചടിയാണെന്നും ലക്ഷദ്വീപിലെ വിനോദസഞ്ചാരം വര്‍ദ്ധിപ്പിക്കുമെന്നും അവകാശപ്പെടുന്ന മറ്റൊരു ട്വീറ്റ് പങ്കിട്ടുകൊണ്ട് ജനുവരി 5 ന് മന്ത്രി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ‘മാലിദ്വീപിനെ ബഹിഷ്‌കരിക്കുക’ എന്ന പരാമര്‍ശവുമായി നിരവധിപ്പേരാണ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ രംഗത്തെത്തിയത്.

ഇന്ത്യ മാലിദ്വീപിനെ ലക്ഷ്യം വെക്കുകയാണെന്നും ട്വീറ്റില്‍ മന്ത്രി ആരോപിച്ചു. മാലദ്വീപില്‍ പുതിയ പ്രസിഡന്റായി മുഹമ്മദ് മുയിസു അധികാരത്തില്‍ വന്നശേഷം ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം വഷളായിരുന്നു. മാലിദ്വീപിന്റെ ‘ഇന്ത്യ ആദ്യം’ എന്ന നയം മാറ്റുമെന്ന് അധികാരത്തില്‍ എത്തിയതിനു പിന്നാലെ മുയിസു പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയോട് അകലുന്ന മുഹമ്മദ് മുയിസു ചൈനയുമായുള്ള സഹകരണത്തിലാണ് ശ്രമിക്കുന്നത്. മാത്രമല്ല, മുയിസു അധികാരത്തിലേറി അടുത്ത ദിവസം തന്നെ ഇന്ത്യന്‍ സൈന്യത്തെ മാലിദ്വീപില്‍നിന്ന് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Also Read

More Stories from this section

family-dental
witywide