‘മമ്മൂക്ക ‘ആട്ടം’ സിനിമ കണ്ടു, നിറഞ്ഞ സന്തോഷത്തോടെ അഭിനന്ദിച്ചു, എല്ലാവരേയും വീട്ടിലേക്ക് ക്ഷണിച്ചു’; വിനയ് ഫോര്‍ട്ട്

പ്രമേയം കൊണ്ടും അവതരണത്തിലെ മികവുകൊണ്ടും പ്രേക്ഷകരെ തിയേറ്ററുകളിലേയ്ക്ക് ആകര്‍ഷിക്കുന്ന ചിത്രമാണ് നവാഗതനായ ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ‘ആട്ടം’. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ ഉള്‍പ്പെടെ പ്രദര്‍ശനം നടത്തി കൈയ്യടി നേടിയ ആത്മവിശ്വാസത്തോടെയാണ് ‘ആട്ടം’ തിയേറ്ററുകളില്‍ എത്തിയത്. മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രം മെഗാസ്റ്റാര്‍ മമ്മൂട്ടി കാണുകയും ആശംസകളറിയിക്കുകയും ചെയ്തതിന്റെ സന്തോഷം പങ്കുവെക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

നടന്‍ വിനയ് ഫോര്‍ട്ട് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘മമ്മൂക്കാ, ഈ കരുതലിനും സ്‌നേഹത്തിനും ഞങ്ങള്‍ക്ക് തീര്‍ത്താല്‍ തീരാത്ത നന്ദിയാണ്. ആട്ടം മമ്മൂക്ക കണ്ടു. ഒരുപാട് ഇഷ്ടപ്പെട്ടു. എല്ലാവരോടും വീട്ടിലേക്ക് വരാന്‍ പറഞ്ഞു. ഓരോരുത്തരെയും നിറഞ്ഞ സന്തോഷത്തോടെ അഭിനന്ദിച്ചു. ഞങ്ങള്‍ക്കൊപ്പം നിറഞ്ഞ ചിരിയോടെ വേണ്ടുവോളം ഫോട്ടോകള്‍ എടുത്തു. ഇതെല്ലാം ഞങ്ങള്‍ക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറമാണ്. കൈ തന്ന് ‘നല്ല സിനിമയാണ് ‘ എന്ന് സാക്ഷാല്‍ മമ്മൂക്ക പറഞ്ഞപ്പോള്‍ ഞങ്ങള്‍ വീണ്ടും ഓര്‍ത്തു – സുകൃതം. ആട്ടം കാണാത്തവര്‍ നിങ്ങളുടെ തൊട്ടടുത്ത തിയേറ്ററുകളില്‍ കാണണം എന്ന് ഞങ്ങള്‍ എല്ലാവരും അതിയായി ആഗ്രഹിക്കുന്നു. മമ്മൂക്കയ്ക്ക് സിനിമ കാണാന്‍ കാര്യങ്ങള്‍ ഒരുക്കിയ ശാജോണ്‍ ചേട്ടന് ആയിരം ഉമ്മകള്‍,’ വിനയ് ഫോര്‍ട്ട് എഴുതി.

സെറിന്‍ ഷിഹാബ്, വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍, നന്ദന്‍ ഉണ്ണി എന്നിവര്‍ക്ക് പുറമെ ഒമ്പത് പുതുമുഖങ്ങളും പ്രധാന അഭിനേതാക്കളാണ്. അനുരുദ്ധ് അനീഷാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ബേസില്‍ സി ജെ സംഗീതം നിര്‍വഹിച്ചിരിക്കുന്നു.

More Stories from this section

family-dental
witywide