ബലാത്സംഗക്കേസിലെ പ്രതിയുടെ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു; പെട്രോളൊഴിച്ച് തീകൊളുത്തി

ഗ്വാളിയോർ: ബലാത്സംഗക്കേസ് പ്രതിയുടെ ഭാര്യയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തി. മധ്യപ്രദേശിലെ മൊറേന ജില്ലയിൽ നിന്നാണ് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവരുന്നത്.

കൂട്ടബലാത്സംഗത്തിനിരയായ സ്ത്രീക്ക് ശരീരത്തിന്റെ 80 ശതമാനം പൊള്ളലേറ്റു. ആശുപത്രിയി കഴിയുന്ന ഇവരുടെ ആരോഗ്യനില ഗുരുതരമാണ്.

മൊറേന ജില്ലയിലെ അംബ പോലീസ് സ്റ്റേഷൻ പരിധിയിലെ ചാന്ദ്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. ജനുവരിയിൽ ചാന്ദ്പൂർ ഗ്രാമവാസിയായ ഒരു സ്ത്രീയുടെ പരാതിയിൽ ഇരയുടെ ഭർത്താവിനെതിരെ ബലാത്സംഗത്തിന് കേസെടുത്തിരുന്നതായി അംബ പോലീസ് സ്റ്റേഷൻ ഇൻചാർജ് അലോക് പരിഹാർ പറഞ്ഞു. അടുത്തിടെയാണ് ഇയാൾ ജയിൽ മോചിതനായത്.

ഭർത്താവിനെതിരെ ബലാത്സംഗം ആരോപിച്ചു നൽകിയ പരാതി പിൻവലിക്കാൻ യുവതിയോട് സംസാരിക്കാൻ ഇരയായ യുവതി പോയിരുന്നു. ഇതിനിടെ മൂന്ന് പേർ ചേർന്ന് യുവതിയെ പിടികൂടി കൂട്ടബലാത്സംഗം ചെയ്തു.

ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പരാതിക്കാരി അടക്കം ഒരുസംഘമാളുകള്‍ പിന്തുടര്‍ന്നെന്നും പിന്നാലെ പെട്രോളൊഴിച്ച് തീകൊളുത്തിയെന്നും യുവതി പോലീസിനോട് പറഞ്ഞു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലന്‍സില്‍വെച്ചാണ് യുവതി മൊഴി നല്‍കിയതെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.